മഞ്ചേരി> പ്യാരേ ദോസ്തോം ഹമാരി സ്കൂൾ മേ ആപ് ലോഗോം കോ ഹാർദിക് സ്വാഗത് ഹേ….. അജയ്, വിഷ്ണു, മദൻകാമി, റൂത്ത കാമി എന്നിവരെ മൂർക്കനാട് ജിഎംയുപി സ്കൂൾ വിദ്യാർഥികൾ സ്വീകരിച്ചത് അവർക്ക് അറിയാവുന്ന ഭാഷയിൽ. നേപ്പാളിലെ റാപ്റ്റിയിൽനിന്നുള്ളവരാണ് ഇവർ നാലുപേരും.
മദൻകാമി ഒന്നിലും റൂത്ത കാമി മൂന്നിലും വിഷ്ണു അഞ്ചിലും അജയ് ഏഴാം ക്ലാസിലുമാണ് പ്രവേശനം നേടിയത്. വളരെ സ്നേഹത്തോടെയാണ് ഇവരെ പുതിയ കൂട്ടുകാരും അധ്യാപകരും സ്വീകരിച്ചത്. ‘നേപ്പാളിലെ ലക്ഷ്യ അക്കാദമിയിലാണ് ഇതുവരെ പഠിച്ചത്. സർക്കാർ സ്കൂളായിരുന്നിട്ടും വലിയ തുകയാണ് ഫീസായി ചെലവഴിക്കേണ്ടിവന്നത്’ അജയ് പറഞ്ഞു. ഇവിടെ നല്ല ക്ലാസ് മുറികളുണ്ട്. സ്നേഹത്തോടെ പെരുമാറുന്ന അധ്യാപകരും. യൂണിഫോമും പുസ്തകങ്ങളും ഭക്ഷണവുമെല്ലാം സൗജന്യം. അജയ് കൂട്ടിച്ചേർത്തു.
നേപ്പാളിലെ റാപ്റ്റിയിൽനിന്ന് തൊഴിൽ തേടിയാണ് അർജുൻ കാമിയും ദിൽബഹാദൂറും ഊർങ്ങാട്ടിരി പൂവ്വത്തിങ്കലിൽ എത്തിയത്. പെരിങ്ങപ്പാറ കരിങ്കൽ ക്വാറിയിലെ ഡ്രില്ലിങ് തൊഴിലാളികളായ ഇവരുടെ മക്കളാണ് അജയ്, വിഷ്ണു, മദൻകാമി, റൂത്ത കാമി എന്നിവർ. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് കേട്ടറിഞ്ഞതോടെയാണ് കുട്ടികളെ സർക്കാർ സ്കൂളിൽ ചേർത്തത്. ചെറിയ കുട്ടിയെ ഒന്നാംക്ലാസിൽ ചേർത്ത് മലയാളം പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് അർജുൻ കാമി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനുമുമ്പ് മലയാളം പഠിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഏറെ പ്രയാസപ്പെട്ടു. എന്നാൽ അധ്യാപകർ എല്ലാ പിന്തുണയുമേകി ഒപ്പംനിന്നതായി ദിൽബഹാദുറും പറഞ്ഞു.