തിരുവനന്തപുരം
പരിസ്ഥിതി ദിനമായ ഞായറാഴ്ച പാർടി ഓഫീസ്, പ്രധാനപ്പെട്ട കേന്ദ്രം, പൊതുസ്ഥാപനം എന്നിവിടങ്ങളിൽ വൃക്ഷത്തൈ നടണമെന്ന് പാർടി ഘടകങ്ങളോട് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും താപവ്യതിയാനവും രൂക്ഷമാണ്. ഇത് പ്രളയക്കെടുതി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം എന്നിവയിലേക്ക് നയിക്കുന്നു. പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തി മാത്രമേ ഇതിനെ നേരിടാനാകൂ. കാർബൺ പുറംതള്ളൽ 2030ൽ 50 ശതമാനം കുറയ്ക്കുകയാണ് പരിഹാരം. എന്നാൽ 16 ശതമാനം വർധിക്കും എന്ന അവസ്ഥയാണുള്ളത്. ഇതിന് പ്രധാന കാരണക്കാർ സാമ്രാജ്യത്വശക്തികളാണ്. എന്നാലിവർ ഉത്തരവാദിത്വം മുഴുവൻ മൂന്നാംലോക രാജ്യങ്ങളുടെ തലയിലാണിടുന്നത്. കേരളത്തിലും കാലാവസ്ഥാ വ്യതിയാന കെടുതി സജീവമാണ്. കാർബൺ പുറംതള്ളൽ പരമാവധി തടയുന്ന ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നയം മുന്നോട്ടു വയ്ക്കണം. അതിനുള്ള ജാഗ്രതയുണ്ടാക്കാൻ, ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.