തിരുവനന്തപുരം
‘എനിച്ചിപ്പോ അമ്മേ കാണണം’ കരഞ്ഞ് കലങ്ങി ചിലർ. വർണത്തൊപ്പിയും ബലൂണും കിട്ടിയതിന്റെ ആവേശത്തിൽ രംഗം കളറാക്കി രസികന്മാർ. ഏർപ്പാടൊക്കെ ജോറായിട്ടുണ്ട്… ഒരു വെടിക്കെട്ടുംകൂടി ആകാമായിരുന്നു എന്ന മട്ടിലിറങ്ങിയ വിരുതന്മാർ. മന്ത്രിയപ്പൂപ്പന്റെ കൈയിലെ മിഠായിപാത്രം താഴെ വീഴുമോയെന്ന ആശങ്ക പൂവിട്ട മുഖങ്ങൾ വേറെ. പുള്ളിക്കുടയും ബാഗും പുസ്തകവും കൈയിലൊതുക്കി ‘അച്ഛനും അമ്മയും പൊയ്ക്കോ ഞാൻ പാച്ചിട്ട് വരാമെന്ന്’ പറഞ്ഞവരും കൂട്ടത്തിൽ. മഹാമാരി നിശ്ശബ്ദമാക്കിയ ആരവങ്ങൾ ഇരട്ടിമാറ്റോടെ ഉയർന്നു വരുന്നതിന് ബുധനാഴ്ച കേരളം സാക്ഷിയായി.
പ്രവേശനോത്സവത്തിൽ കളിചിരിയും ഇണക്കവും പിണക്കവും പങ്കുവച്ച് കുഞ്ഞ് പൂമ്പാറ്റകൾ അക്ഷരമുറ്റത്തേക്ക് ആദ്യക്ഷരം നുകരാനെത്തി. വേണ്ടതെല്ലാം ഒരുക്കി നാടാകെ അവർക്കൊപ്പം കൂടി. ഓൺലൈനിന് പുറത്ത് മക്കളെ കണ്ടതിന്റെ സന്തോഷം അധ്യാപകരുടെ മുഖത്ത്. പാട്ടും നൃത്തവും ചെണ്ടയുമായി ചേട്ടന്മാരും ചേച്ചിമാരും. മധുരം വിളമ്പി ജനപ്രതിനിധികളും പിടിഎയും. റോഡിൽ തിരക്ക് ഒഴിവാക്കാൻ പൊലീസും വളന്റിയർമാരും. 42.9 ലക്ഷം വിദ്യാർഥികളാണ് ആദ്യ ദിനം സ്കൂളുകളിലെത്തിയത്. ഒന്നാം ക്ലാസിൽ നാല് ലക്ഷം പേരെത്തി.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യാതിഥിയായി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സ്നേഹ അനു ഉൾപ്പെടെ കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും മന്ത്രിമാർ, എംഎൽഎമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.