കൊച്ചി> യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ താൻ കുറ്റകാരനല്ലെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു പൊലീസിനെ അറിയിച്ചു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിനു പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും എട്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞു. ഇതു തെളിയിക്കുന്നതെന്ന് അവകാശപ്പെടുന്ന വാട്സാപ്, ഫെയ്സ്ബുക് ചാറ്റുകൾ പൊലീസിന് കൈമാറി.
എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന വാദം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. വിജയ് ബാബു നൽകിയ തെളിവുകളിൽ കൂടുതൽ പരിശോധന നടക്കും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടും.
വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷമാണ് കൊച്ചിയിലെത്തുന്നത്. ബുധൻ രാവിലെ ഒമ്പതരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതിനു തൊട്ടുപിന്നാലെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തു. പകൽ പതിനൊന്നോടെ അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്.വിജയ് ബാബുവിനെ വ്യാഴംവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് പൊലീസിന്റേത്.