തൃശൂർ> എട്ടാം ക്ലാസുകാരിക്കുനേരെ നടന്ന പീഡനക്കേസിൽ അധ്യാപകന് വിവിധ വകുപ്പുകളിലായി ഒമ്പതുവർഷം കഠിന തടവും 45,000 രൂപ പിഴയടക്കാനും ശിക്ഷ. പാലക്കാട് ചിറ്റൂർ കടമ്പിടി ദേശത്ത് രഘുനന്ദനനെ (58) യാണ് തൃശൂർ പോക്സോ ഫാസ്റ്റ് ട്രാക് സ്പെഷ്യൽകോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ് അനുഭവിക്കണം.
2018ലാണ് കേസിന്നാസ്പദമായ സംഭവം. മെസ് ഹാളിലും വരാന്തയിലുംവച്ച് പലതവണ മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വിവരം പങ്കുവച്ച കൂട്ടുകാരി പ്രിൻസിപ്പലിനോട് പരാതിപ്പെടാൻ ഉപദേശിച്ചെങ്കിലും, വിചാരണക്കിടയിൽ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗം ചേർന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ പുറമെ സ്കൂൾ പ്രിൻസിപ്പൽ കോടതി മുമ്പാകെ നൽകിയ മൊഴിയും നിർണായകമായി. സമൂഹത്തിലും വിദ്യാർത്ഥികൾക്കുമുന്നിലും മാതൃകയാകേണ്ട അധ്യാപകനിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കുറ്റകൃത്യമാണെന്നും അതുകൊണ്ടുതന്നെ ശിക്ഷ ലഘൂകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
പഴയന്നൂർ പൊലീസിനുവേണ്ടി സബ് ഇൻസ്പെക്ടർ പി കെ ദാസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വിജയകുമാറാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ്കുമാർ കോടതിയിൽ ഹാജരായി.