തിരുവനന്തപുരം> ചില്ലറക്കച്ചവട മേഖലയിലെ കോർപ്പറേറ്റ്വൽക്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോരക്കച്ചവട തൊഴിലാളികൾ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.
വ്യാപാരമേഖലയിൽ വൻകിട കുത്തകകമ്പനികളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലെടുക്കുന്നവരെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് ആർഎസ്എസും എസ്ഡിപിഐയെയുംപോലുള്ള വർഗീയശക്തികൾ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ഇത്തർക്കാർക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും എളമരം കരീം പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ വഴിയോരക്കച്ചവട തൊഴിലാളികൾക്ക് ഉപജീവനം പുനരാരംഭിക്കാൻ സർക്കാർ പ്രഖ്യാപിച്ച വായ്പ ധനസഹായം ഉടൻ വിതരണം ചെയ്യുക. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക, ഹൈവേ വികസനത്തിന്റെ ഭാഗമായി ഉപജീവനമാർഗം നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് പ്രദീപ്കുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി ജയൻബാബു, പ്രസിഡന്റ് ആർ രാമു, ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാസെക്രട്ടറി എസ് അനിൽകുമാർ സ്വാഗതവും കെ സി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.