കൊച്ചി
വികസന പക്ഷംചേരാൻ, എൽഡിഎഫ് സർക്കാറിന് കൂടുതൽ കരുത്തു പകരാൻ തൃക്കാക്കര ഇന്ന് വിധിയെഴുതും. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു.
പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികൾ. വ്യക്തികളെ നേരിൽ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ തിരക്കിലായിരുന്നു. പ്രവർത്തകരിൽ ആവേശം നിറച്ച് വോട്ടർമാരുമായുള്ള കൂടിക്കാഴ്ചകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. ആറുവർഷം സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കിയ വികസനപദ്ധതികളും പുതിയ കൊച്ചിയായി വളരുന്ന തൃക്കാക്കരയ്ക്കായുള്ള പ്രത്യേക പാക്കേജുകളും ഉയർത്തിക്കാട്ടിയായിരുന്നു വോട്ടെടുപ്പിന്റെ തലേന്നാളും എൽഡിഎഫിന്റെ നിശ്ശബ്ദപ്രചാരണം. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും നിശബ്ദമായി വോട്ടുതേടി. അവസാന മണിക്കൂറുകളിൽ സ്ഥാനാർഥികളുടെ പ്രചാരണം സമൂഹമാധ്യമങ്ങളും പൂർണമായി ഏറ്റെ ടുത്തു.
എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ യുഡിഎഫ് പ്രചരിപ്പിച്ച വ്യാജ അശ്ലീലവീഡിയോയും വ്യക്തി അധിക്ഷേപങ്ങൾക്കുമെതിരെ ഉയർന്ന പ്രതിഷേധം ക്യാമ്പയിൻ അവസാനിച്ച മണിക്കൂറുകളിലും ആളിക്കത്തി. വ്യാജ അശ്ലീലപ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷനേതാവിന്റെ നിലപാട് അതിലേറെ പ്രതിഷേധത്തിന് കാരണമായി. അതിനെ പ്രതിരോധിക്കാൻ ഒരുഘട്ടത്തിലും യുഡിഎഫിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫിന്റെ സമുന്നതനേതാക്കളും ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങിയതും മേൽക്കൈ നൽകി. കോൺഗ്രസിന്റെ ഉന്നതനേതാക്കൾ മണ്ഡലത്തിൽ എത്തിയെങ്കിലും കെപിസിസി പ്രസിഡന്റിന്റെ അഭാവം ശ്രദ്ധേയമായി.
2011ൽ രൂപീകൃതമായ തൃക്കാക്കര മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തിന്റെ പകുതിമാത്രം വോട്ടാണ് 2016ലെ രണ്ടാംവിജയത്തിൽ യുഡിഎഫിന് നേടാനായത്. 2021ലെ വിജയത്തിലും ആദ്യതെരഞ്ഞെടുപ്പിൽ നേടിയ വോട്ടിലേക്കും ഭൂരിപക്ഷത്തിലേക്കും എത്താൻ യുഡിഎഫിനായില്ല.
തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ടതാണ് മണ്ഡലം. ആകെ വോട്ടർമാർ: 1,96,805. ഇതിൽ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാൻസ്ജെൻഡർ വോട്ടറുമുണ്ട്. 3633 കന്നിവോട്ടർമാരുണ്ട്. ബൂത്തുകൾ 239. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്.















