തിരുവനന്തപുരം
വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 75 സ്കൂൾ കെട്ടിടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ആൻഡ് എച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മറ്റ് 74 ഇടത്തും ഇതേസമയം ഉദ്ഘാടനം നടന്നു. വട്ടിയൂർക്കാവ് സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ താക്കോൽ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് മുഖ്യമന്ത്രി കൈമാറി.
കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചു കോടിയുടെ ഒമ്പതും മൂന്നു കോടിയുടെ 16ഉം ഒരു കോടിയുടെ 15 കെട്ടിടവും നിർമിച്ചു. പ്ലാൻഫണ്ടും മറ്റു ഫണ്ടും ഉപയോഗിച്ച് 35 കെട്ടിടവും നിർമിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നവകേരളം കോ––ഓർഡിനേറ്റർ ഡോ. ടി എൻ സീമ, കലക്ടർ നവ്ജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ സംസാരിച്ചു.
തീരമേഖലയുടെ ക്ഷേമത്തിന് വലിയ ഇടപെടൽ : മുഖ്യമന്ത്രി
തീരമേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞു. ആ പ്രദേശങ്ങളിലെ സാമൂഹിക പുരോഗതി ത്വരിതപ്പെടുത്താൻ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. അക്കാര്യത്തിൽ പ്രത്യേക ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തീരമേഖലയിൽ നിർമിച്ച 20 സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനർഗേഹം പദ്ധതിയിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി. പദ്ധതിയുടെ ഭൂമി രജിസ്ട്രേഷൻ തുക ഒഴിവാക്കിയതുവഴി 60,000 രൂപവീതം ഗുണഭോക്താക്കൾക്ക് അധികം ലഭിച്ചു. 276 വീട് അടങ്ങിയ സമുച്ചയങ്ങൾ നിർമിച്ച് കൈമാറി. സന്നദ്ധത അറിയിച്ച 8186 പേരിൽ, 3187 പേർക്ക് ഭൂമി കണ്ടെത്തി. 1265 വ്യക്തിഗത വീട് നിർമാണം പൂർത്തിയാക്കി. മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കാൻ തിരുവനന്തപുരത്തും കോഴിക്കോട്ടും ഇൻഷുറൻസ് കമ്പനികളെ പങ്കെടുപ്പിച്ച് പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. ലഭിച്ച 201 അപേക്ഷയിൽ 129 എണ്ണം തീർപ്പാക്കി. 12.44 കോടി രൂപ നൽകി.
മത്സ്യസംഭരണവും വിപണനവും നിയന്ത്രിക്കാൻ നിയമം പാസാക്കി. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഫിഷറീസ് സ്റ്റേഷൻ തുടങ്ങി. മത്സ്യത്തൊഴിലാളി വനിതകളുടെ 150 സൂക്ഷ്മ തൊഴിൽസംരംഭവും 400 സംയുക്ത ബാധ്യതാ കൂട്ടായ്മയും ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.