കോഴിക്കോട്
മൂന്നാറിൽ വിനോദസഞ്ചാരികൾ ഏറ്റെടുത്ത കെഎസ്ആർടിസി ‘സ്ലീപ്പർ ബസ്’ ടൂർ പാക്കേജ് വയനാട്ടിലേക്കും. ചുരുങ്ങിയ ചെലവിൽ യാത്രയും താമസവും ഇതുവഴി ഒരുങ്ങും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് വയനാട്ടിലേക്ക് 40 വാരാന്ത്യ വിനോദസഞ്ചാര സർവീസ് നടത്തും. ജൂൺ ആദ്യവാരം തുടങ്ങും. ബത്തേരി, കൽപ്പറ്റ ഡിപ്പോകളിലാണ് താമസസൗകര്യമൊരുക്കുക. ബത്തേരിയിൽ 30 സ്ലീപ്പർ ബസ്സുകളിലായി 500 പേർക്ക് താമസിക്കാം. ആവശ്യം പരിഗണിച്ച് കൂടുതൽ ബസ് എത്തിക്കും.
സർവീസിന് ഉപയോഗിക്കാത്ത 500 ബസ്സുകൾ സ്ലീപ്പർ കോച്ചുകളാക്കിയാണ് ടൂറിസം കേന്ദ്രങ്ങളിൽ താമസസൗകര്യമൊരുക്കുക. ഒരു ബസ്സിൽ 16 പേർക്ക് താമസിക്കാം. ശീതീകരിച്ച ബസ്സുകളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളുണ്ടാകും. വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള ടിക്കറ്റിനുപുറമേ 100 രൂപമാത്രമാണ് ഒരു ബെഡിന് ഈടാക്കുക. നാലുമുതൽ എട്ടുപേർക്ക് വരെ കഴിയാവുന്ന ഫാമിലി സ്ലീപ്പർ കോച്ചുകളും തയ്യാറാക്കും.
മൂന്നാറിലെ സ്ലീപ്പർ ബസ് ടൂറിസത്തിൽനിന്ന് പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഉല്ലാസയാത്രയിലൂടെ ആറുമാസത്തിനിടെ മൂന്ന് കോടിയോളം രൂപ അധികവരുമാനം ലഭിച്ചു. വിവിധ ഡിപ്പോകളിൽനിന്ന് 48 വാരാന്ത്യ ട്രിപ്പുകളും രണ്ട് തീർഥാടനയാത്രകളും 14 പ്രത്യേക പാക്കേജുകളും നടത്തുന്നുണ്ട്. മൂന്നാംഘട്ടത്തിൽ വാഗമണിലേക്കും സ്ലീപ്പർ ബസ് പദ്ധതി വ്യാപിപ്പിക്കും.














