ശ്രീനഗർ
ഹൈദർപോറയിലെ വിവാദ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് അന്ത്യകർമത്തിനായി കുടുംബത്തിന് കൈമാറാൻ ജമ്മുകശ്മീർ ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ നവംബറിലാണ് അമീർ മാഗ്രെയെന്ന യുവാവിനെ ഭീകരവാദിയെന്ന് ആരോപിച്ച് പൊലീസ് വെടിവച്ച് കൊന്നത്.
ഏറ്റുമുട്ടലിൽ ഒരു വിദേശഭീകരനും മൂന്ന് സഹായികളും കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് വാദം. കൊല്ലപ്പെട്ടവരുടെ മൃതദേഹം രഹസ്യമായി ഹന്ദ്വാര മേഖലയിൽ സംസ്കരിക്കുകയും ചെയ്തു. എന്നാൽ, കൊല്ലപ്പെട്ടവർ നിരപരാധികളായിരുന്നുവെന്നും അവരെ കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടൽ കൊലപാതകമാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ അമീർ മാഗ്രേയ്ക്ക് ഒപ്പം കൊല്ലപ്പെട്ട അൽത്താഫ്ഭട്ടിന്റെയും ഡോ. മുദാസിറിന്റെയും മൃതദേഹം പുറത്തെടുക്കാൻ അധികൃതർ തയ്യാറായി. എന്നാൽ, അമീർ മാഗ്രേയുടെ മൃതദേഹം അന്ത്യകർമങ്ങൾക്ക് കൈമാറണമെന്ന ആവശ്യം അംഗീകരിച്ചില്ല. മാഗ്രേയുടെ പിതാവ് മുഹമ്മദ് ലത്തീഫ് മാഗ്രേ ഹൈക്കോടതിയെ സമീപിച്ചു. മരണശേഷം അന്തസ്സുള്ള സംസ്കാരത്തിന് ഓരോ പൗരനും അവകാശമുണ്ടെന്നും ഇത് നിഷേധിക്കുന്നത് ഭരണഘടനയുടെ 14–-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസ് സഞ്ജിവ്കുമാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ആശ്വാസമായെന്ന് മുഹമ്മദ് ലത്തീഫ് മാഗ്രേ പ്രതികരിച്ചു.