എഴുകോൺ> ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സൈനികൻ എച്ച് വൈശാഖിന്റെ കുടുംബത്തിനു തണലായി സംസ്ഥാന സർക്കാർ. വൈശാഖിന്റെ സഹോദരി ഓടനാവട്ടം കുടവട്ടൂര് വിശാഖത്തിൽ ശിൽപ്പയ്ക്ക് ജോലി നല്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ശിൽപ്പയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. സർക്കാർ തീരുമാനത്തിന് വൈശാഖിന്റെ അമ്മ ബീനാകുമാരിയും ശിൽപ്പയും നന്ദി അറിയിച്ചു. ബിരുദപഠനം പൂര്ത്തിയാക്കിയ ശിൽപ്പ ഇപ്പോൾ ഡിസിഎയ്ക്ക് പഠിക്കുകയാണ്. വൈശാഖ് വീരമൃത്യു വരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിന്റെ 27 ലക്ഷം രൂപയുടെ കടബാധ്യത സര്ക്കാര് ഏറ്റെടുത്തിരുന്നു. സഹോദരി ശില്പ്പയ്ക്ക് ജോലി നല്കുന്നതിനുള്ള നടപടിക്രമങ്ങള് അതിവേഗത്തില് പൂര്ത്തിയാക്കുമെന്ന് അന്ന് സർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ നിരവധിതവണ വൈശാഖിന്റെ വീട്ടിൽ എത്തി കുടുംബത്തിന് ആശ്വാസമേകിയിരുന്നു.
മറാഠി റെജിമെന്റിലെ ജവാനായിരുന്ന എച്ച് വൈശാഖ് (24)ഒക്ടോബർ 11ന് പുലർച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയതായിരുന്നു സൈനികർ. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞുകയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.