തിരുവനന്തപുരം> അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 299 രൂപയിൽ നിന്ന് 311 രൂപ ആയാണ് കൂട്ടിയത്. ഏപ്രിൽ ഒന്നുമുതൽ മുൻ കാല പ്രാബല്യത്തോടെ വർദ്ധന നടപ്പിലാക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മാലിന്യ സംസ്കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
2010ൽ ഇടതുപക്ഷ സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി നഗര തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നൽകിയത്. പടിപടിയായി വേതനം ഉയർത്തിയാണ് ഇപ്പോൾ 311ലെത്തിയത്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കിയ മാതൃകാ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി.