കൊച്ചി
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി നിയമത്തിൽനിന്ന് ഓടിയൊളിച്ച ആളാണ്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വിജയ് ബാബുവിന് 30 വരെ ഇടക്കാല ജാമ്യം നൽകാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു. അതിനുശേഷം ജാമ്യാപേക്ഷ പരിഗണിക്കാം.30ന് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി പറഞ്ഞു. വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പീഡനത്തിനിരയായ നടി ആവശ്യപ്പെട്ടു.
വിജയ് ബാബു നാട്ടിൽ വരുന്നതല്ലേ പൊലീസിന് നല്ലതെന്നും പണമുണ്ടെങ്കിൽ പുതിയ പാസ്പോർട്ടും പൗരത്വവുംവരെ അദ്ദേഹത്തിന് ലഭിക്കില്ലേ എന്നും കോടതി ചോദിച്ചു. വിജയ് ബാബുവിന്റെ ദാക്ഷിണ്യം ആവശ്യമില്ലെന്നും അല്ലാതെതന്നെ അയാളെ പിടിക്കാൻ
സാധിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇടക്കാലജാമ്യം നൽകുന്നതിൽ നിലപാട് അറിയിക്കാനുണ്ടെന്നും വ്യക്തമാക്കി.
വിജയ് ബാബു നാട്ടിലെത്തിയാലുടന് അറസ്റ്റ്
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിലുള്ള വിജയ് ബാബു നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പ്രദർശിപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം പരിഗണിച്ച ഹൈക്കോടതി ഇതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും കമീഷണർ വ്യക്തമാക്കി. നടിയുടെ പരാതിയിൽ ഏപ്രിൽ ഇരുപത്തിരണ്ടിനാണ് കേസെടുത്തത്. പിന്നാലെ ഇയാൾ ഒളിവിൽപ്പോയി.