തിരുവനന്തപുരം
സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യയിലല്ല ഇന്ന് നാം ജീവിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒട്ടേറെ വനിതകൾ പൊരുതി. അവർക്കുവേണ്ടി മാത്രമായിരുന്നില്ല അത്. രാജ്യത്തിനു വേണ്ടിയും നമുക്കെല്ലാം വേണ്ടിയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്തതിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടുന്നു. കേരളം മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്തം. സ്വാതന്ത്ര്യസമരത്തിൽ വനിതകൾ നടത്തിയ പോരാട്ടം അവസാനിക്കുകയല്ല പുതിയ അധ്യായം തുറക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി മോഡറേറ്ററായി. സി കെ ആശ എംഎൽഎ, ബിഹാർ എംഎൽഎ പ്രതിമകുമാരി, പഞ്ചാബ് നിയമസഭാംഗം അൻമോൻ ഗഗൻമാൻ, അസം നിയമസഭാംഗം നന്ദിതാദാസ് എന്നിവർ സംസാരിച്ചു.