മലപ്പുറം > കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. ബഹ്റൈനിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവെച്ചും മൂന്ന് സ്വർണ ഉരുളകൾ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ രീതിയിൽ 14 കോടി രൂപയുടെ സ്വർണമാണ് പൊലീസ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്.