ന്യൂമാഹി> ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് സ്വദേശി അഷ്ബാഖ്മോനെ രാജസ്ഥാനിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുമേറ പർവേസ് ഷെരീഫ് പിടിയിലായതോടെ പുറത്തുവരുന്നത് ചതിച്ചുകൊന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ആസൂത്രിതമായാണ് അഷ്ബാഖിനെ ചതിയിൽ വീഴ്ത്തിയത്. ബംഗളൂരുവിൽ വ്യാപാരിയായ സഹോദരൻ ടി കെ അർഷാദും ഉമ്മയും മൂന്നുവർഷത്തിലേറെ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബംഗളൂരു സ്വദേശിനിയായ ഭാര്യയടക്കം മൂന്നുപേർ അറസ്റ്റിലായി.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന കാലത്താണ് അഷ്ബാഖ് ബംഗളൂരു ആർടി നഗറിലെ സുമേറ പർവേസിനെ പരിചയപ്പെട്ടത്. കല്യാണത്തിനുശേഷം കുടുംബം ദുബായിലേക്കു പോയി. അവിടെ ഇസ്ലാമിക് ബാങ്കിലായിരുന്നു അഷ്ബാഖിന് ജോലി. മകൾ ജനിച്ചശേഷം അസ്വസ്ഥത പുകയാൻ തുടങ്ങി. ബംഗളൂരുവിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കാൻ ഭാര്യ രണ്ടര ലക്ഷത്തിന് ക്വട്ടേഷൻ നൽകി. അന്ന് ബന്ധം ഒഴിയാൻ ആലോചിച്ചെങ്കിലും പത്തുവയസുകാരിയായ മകൾ ഹൈറയെ ഓർത്ത് ക്ഷമിച്ചു.
രാജസ്ഥാനിലെ ജയ്സാൽമേറിൽ 2018 ആഗസ്ത് 16നാണ് അഷ്ബാഖ്മോൻ കൊല്ലപ്പെട്ടത്. 48 മണിക്കൂർ കഴിഞ്ഞാണ് ന്യൂമാഹിയിലെ കുടുംബത്തെ വിവരം അറിയിച്ചത്. രാജസ്ഥാനിലേക്കുപോകാൻ ശ്രമിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് പിന്തിരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെത്തന്നെ ഖബറടക്കി. ബാങ്ക് അക്കൗണ്ടിൽനിന്ന് 68 ലക്ഷംരൂപ പിൻവലിക്കുകയും അഞ്ച് റേസിങ് ബൈക്കും മറ്റു രണ്ട് വാഹനങ്ങളും കൈക്കലാക്കുകയുംചെയ്തു. അന്വേഷണവുമായി സഹകരിക്കാതെ, പരാതിയില്ലെന്നുപറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറിയതും സംശയത്തിനിടയാക്കി. ബംഗളൂരുവിലെ ബൈക്ക് റേസിങ് ടീമായ അങ്കട്ട റേസിങ് ടീമിന്റെ നായകനായിരുന്നു അഷ്ബാഖ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ബൈക്ക് റേസറെയാണ് കൊലപാതകത്തിലൂടെ നഷ്ടപ്പെട്ടത്.