ന്യൂഡൽഹി> എംപിമാരുടെ പ്രാദേശിക വികസനപദ്ധതി ഫണ്ടിന്റെ ധനവിനിയോഗത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനോട് ജോൺബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗത്തിൽ ഇക്കൊല്ലം ഏപ്രിൽ ഒന്നു മുതൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചിരുന്നു. ഇതിൽ എംപിമാരുടെ വികസനഫണ്ടും ഉൾപ്പെടുത്തി.
ഒരു എംപിക്കുവേണ്ടി പ്രതിവർഷം അഞ്ച് കോടി രൂപയാണ് വികസനപദ്ധതികൾക്കായി കലക്ടറുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന്റെ പലിശയും വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുമായിരുന്നു. പുതിയ ചട്ടപ്രകാരം പലിശയായി ലഭിക്കുന്ന തുക കേന്ദ്ര സഞ്ചിതനിധിയിലേയ്ക്ക് തിരികെ അടയ്ക്കണം. 2016ലെ എംപി വികസനഫണ്ട് മാർഗനിർദ്ദേശങ്ങളെ ധനമന്ത്രാലയം ഏകപക്ഷീയമായി മാറ്റി മറിച്ചിരിക്കയാണ്.
എംപി ഫണ്ട് കാര്യങ്ങൾ നോക്കുന്ന കേന്ദ്രസ്ഥിതിവിവരകണക്ക്, പദ്ധതിനിർവഹണമന്ത്രാലയവുമായോ ഇരുസഭകളിലെയും കമ്മിറ്റികളുമായോ ചർച്ച ചെയ്യാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പുതിയ നിർദേശംകാരണം ആയിരം കോടി രൂപയുടെയെങ്കിലും കുറവ് എംപി വികസന പദ്ധതികളുടെ കാര്യത്തിൽ ഉണ്ടാകുമെന്ന് കണക്കാക്കുന്നു.