കൊളംബോ > ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രജപക്സെ രാജിവച്ചത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ രാജിയാവശ്യം ഉയര്ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം രാജിയാണെങ്കിൽ സമ്മതമാണെന്ന് മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധസേനയ്ക്ക് അധികാരം നൽകിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളിൽനിന്നും കടുത്ത വിമർശമാണ് പ്രസിഡന്റ് ഗോതബായ നേരിടുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.