കൊച്ചി > ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവർ ഇത്തവണ വികസനത്തിന് വോട്ട് ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. തൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനുവേണ്ടിയുള്ള പ്രചരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന സ്വരാജ്.
നാടിൻറെ വികസനത്തിനായി തൃക്കാക്കര നിവാസികൾ എൽഡിഎഫിനെ പിന്തുണയ്ക്കും. അത് അറിയാവുന്നതുകൊണ്ടാണ് യുഡിഎഫ് ട്വന്റി ട്വന്റിയുടെ പിന്തുണ തേടിയത്. കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം ഇത്തവണ വികസനത്തെ പിന്തുണയ്ക്കും. നാല് കൊല്ലം പാഴാക്കാൻ കോൺഗ്രസ് പ്രവർത്തകരും തയ്യാറാകില്ല. തൃക്കാക്കരയിൽ ജയിച്ചാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാമെന്നാണ് സതീശന്റെ കണക്ക് കൂട്ടൽ. മുതിർന്ന കോൺഗ്രസ് നേതാക്കളെ അപ്രസക്തരാക്കി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണയിലാണ് സതീശൻ പ്രചരണത്തിലേക്ക് കടന്നത്. എന്നാലത് പാളിയെന്ന് സതീശന് ബോധ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ തൃക്കാക്കര മണ്ഡലം നെഞ്ചിലേറ്റിയെന്നും അദ്ദേഹം പറഞ്ഞു.