കോഴിക്കോട് > പേരാമ്പ്രയില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരായ ആർഎസ്എസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദീർഘകാലമായി പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനമായ ബാദുഷാ ഹൈപ്പർ മാർക്കറ്റിൽ ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ ഇരച്ചു കയറി “ഹലാൽ ബീഫ് വിൽക്കുന്നോടാ” എന്നാക്രോശിച്ച് സ്ഥാപനത്തിലെ ജീവനക്കാരെ കടന്നാക്രമിക്കുകയും സ്ഥാപനത്തിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇതേ സമയം ഒരു സംഘം ആളുകൾ ആയുധങ്ങളുമായി പുറത്ത് സംഘടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചാലിക്കരയിലെ സബ് സെന്ററിലെ വിദ്യാർത്ഥികൾ മുസ്ലിം നാമധാരികളാണോ എന്നന്വേഷിച്ചു മോശമായി പെരുമാറുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാടിന്റെ സമാധാന അന്തരീഷം തകർത്ത് വർഗീയ വിദ്വേഷം വളർത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു