കീവ്
മരിയൂപോളിലെ അസോവ്സ്തൽ ഉരുക്കുനിർമാണശാലയിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഒഴിപ്പിച്ചെന്ന് ഉക്രയ്ൻ. മരിയൂപോളിൽനിന്ന് മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കിയെന്ന് ഉക്രയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരെഷ്ചുക് ആണ് അറിയിച്ചത്.
ഉരുക്കിനിർമാണശാലയിലെ ബങ്കറിൽ ആഴ്ചകളോളം ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ കുടുങ്ങിയവരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം 50 പേരെ രക്ഷപ്പെടുത്തിയതായി ഡോണെട്സ്ക് ജനകീയ റിപ്പബ്ലിക് അധികൃതർ പറഞ്ഞിരുന്നു.
നേരത്തേ യുഎന്നും റെഡ്ക്രോസും മരിയൂപോളിൽ ഒഴിപ്പിക്കൽ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വെടിവയ്പ് തുടർന്നതോടെ തടസപ്പെട്ടിരുന്നു.
അതേസമയം, അസോവ്സ്തലിൽ കുടുങ്ങിയ ഉക്രയ്ൻ സൈനികരെ പുറത്തെത്തിക്കാൻ നയതന്ത്ര ഇടപെടൽ നടക്കുകയാണെന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. എപ്രിൽ 21നാണ് മരിയൂപോളിന്റെ നിയന്ത്രണം പിടിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത്.