ന്യൂഡൽഹി> യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി അയച്ച കത്തിന് കേന്ദ്രം മറുപടി നൽകി. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് നൽകാനുള്ള സാധ്യതയും സർക്കാർ അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണം, കൊല്ലപ്പെട്ട യെമന് പൗരന്റെ ബന്ധുക്കള്ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന് ഇടപെടണമെന്നാവശ്യപ്പെട്ട് ജോണ് ബ്രിട്ടാസ് എം പി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് നിവേദനം നൽകിയിരുന്നു.
2017 ജൂലൈ 25നാണ് യമന് പൗരനായ തലാല് കൊല്ലപ്പെട്ടത്. തലാല് അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില് ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില് സ്വന്തമായി ക്ലിനിക് തുടങ്ങാന് സഹായ വാഗ്ദാനവുമായി വന്ന തലാല്, പാസ്പോര്ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.















