പട്ടാമ്പി
കേരള മാതൃക കടം വാങ്ങിയതല്ലന്നും കേരള മാതൃക ലോകത്ത് എവിടെയും ഇല്ല, അതുകൊണ്ടാണ് കേരളം ഒരു ബദലാകുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ. “ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട് “വിഷയത്തിൽ കെഎസ്കെടിയു പട്ടാമ്പിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ജനകീയാസൂത്രണം ഇന്ത്യക്ക് തന്നെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ തകർത്ത് അധികാരത്തെ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ജിഎസ്ടി ഇതിന് ഉദാഹരണമാണ്. സംഘടിതരും അസംഘടിതരും ആയ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കേരളമാണെന്നതാണ് നാം മുന്നോട്ടുവയ്ക്കുന്ന വികസന ബദൽ–- മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എൻ പി വിനയകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവരെ ആദരിച്ചു. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, വി കെ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ ചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ഗോപാലകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ഉണ്ണിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ടി കെ നാരായണദാസ്, എന്നിവർ സംസാരിച്ചു.