ന്യൂഡൽഹി
പ്രതിഷേധത്തിനിടെ എൽഐസി പ്രഥമ ഓഹരിവിൽപ്പന(ഐപിഒ) നടപടിക്ക് തുടക്കമായി. 22.13 കോടി ഓഹരികൾ വിൽക്കുന്നതിൽ 67 ശതമാനത്തിനും ആദ്യനാളിൽ അപേക്ഷകരുണ്ടായി. പോളിസി ഉടമകൾക്കായി അനുവദിച്ച 10 ശതമാനത്തിന് ഇരട്ടി അപേക്ഷയെത്തി. ജീവനക്കാർക്കുള്ള 0.7 ശതമാനത്തിനായി 117 ശതമാനം അപേക്ഷ ലഭിച്ചു.
ചെറുകിട നിക്ഷേപകർ–60 ശതമാനം, നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ–-27 ശതമാനം, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ–-33 ശതമാനം എന്നിങ്ങനെയാണ് ആവശ്യക്കാർ. വൻകിട നിക്ഷേപകർക്ക് 27 ശതമാനമാണ് നീക്കിവച്ചത്. ഇതിൽ 70 ശതമാനമാണ് ബുക്കിങ്. ഒമ്പതുവരെയാണ് ഐപിഒ നടപടി.
സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി വിറ്റ രീതിയിൽ വിറ്റിരുന്നെങ്കിൽ ചുരുങ്ങിയത് 50,000 കോടി രൂപ ലഭിച്ചേനേ. 2,200 രൂപ മൂല്യമുള്ള ഓഹരി 949 രൂപ പരമാവധി വില നിശ്ചയിച്ചാണ് വിൽക്കുന്നത്. ഇതിനാൽ വരവ് 21,000 കോടി രൂപയായി ചുരുങ്ങും. നഷ്ടമുണ്ടായാലും ആദ്യത്തെ വിൽപ്പന വിജയിപ്പിക്കാനുള്ള വാശിയിലാണ് വില കുറച്ചത്.
ആങ്കർ ബുക്കിങ്ങിൽ വിദേശത്തുനിന്നുള്ള നിക്ഷേപം കുറവാണ്. ഇന്ത്യയിൽ പങ്കാളിത്തമുള്ള വിദേശ നിക്ഷേപ കമ്പനികൾ സജീവമായി.
വിൽപ്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ പകൽ രണ്ട് മണിക്കൂർ ജോലി ബഹിഷ്കരിച്ചു. 3.5 ശതമാനം ഓഹരിയാണ് സർക്കാർ കൈയൊഴിയുന്നത്. അഞ്ച് ശതമാനം വിറ്റഴിക്കാനായിരുന്നു പദ്ധതി.