തൃശൂർ> കാത്തിരിപ്പിനൊടുവിൽ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്ക്കുന്ന പൂരത്തിന്റെ കൊടിയേറ്റം ആഹ്ലാദാരവ നിറവിൽ ബുധനാഴ്ച പകലാണ് നടന്നത്. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് 2021ൽ പൂർണമായും 2022ൽ കേവലം ചടങ്ങുമാത്രമായും പൂരം ചുരുക്കിയശേഷം, ആഘോഷമായുള്ള പൂരത്തിനാണ് ഇക്കുറി കൊടിയേറിയത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച ചെത്തിമിനുക്കിയ കവുങ്ങുമരത്തിന്റെ കൊടിമരം ആർപ്പുവിളിയോടെ ദേശക്കാർ ചേർന്ന് ഉയർത്തിയതോടെ, നഗരം പൂരാവേശത്തിലേക്ക് കടന്നു. രാവിലെ പത്തോടെ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീഷ് മേനോൻ, സെക്രട്ടറി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. ചെമ്പിൽ കുട്ടൻ ആശാരിയാണ് കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിനുമുന്നിൽ അഞ്ചാനപ്പുറത്ത് പുറത്തേക്കെഴുന്നള്ളിപ്പും പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ നൂറോളം വാദ്യക്കാരുടെ മേളവും ഉണ്ടായി. കൊക്കൊർണിയിൽ ആറാട്ടോടെ പിരിഞ്ഞു. പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും പൂരക്കൊടി ഉയർത്തി.
തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം രാവിലെ 10.30ഓടെ നടന്നു. താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ ഒരുക്കിയ കൊടിമരം ആർപ്പുവിളിയോടെ ദേശക്കാർ ഉയർത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി രാധാകൃഷ്ണൻ, സെക്രട്ടറി സി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള തട്ടകത്തുകാരാണ് കൊടിയേറ്റിയത്. ഉച്ചയ്ക്കുശേഷം തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയർന്നു. തിരുവമ്പാടിക്കാർ പുറത്തേക്കെഴുന്നള്ളി വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിച്ചു. തുടർന്ന് തെക്കേ സമൂഹമഠത്തിൽ ആറാട്ടിനുശേഷം വൈകിട്ടോടെ തിരുവമ്പാടി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് സമാപിച്ചു.
പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ കാർത്യായനി, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടത്തി. പൂരം കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള മിനിവെടിക്കെട്ടും ഉണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നടക്കുന്ന പുരക്കൊടിയേറ്റം കാണാൻ ആയിരക്കണക്കിനുപേർ തൃശൂർ നഗരത്തിൽ തടിച്ചുകൂടിയിരുന്നു. മെയ് 10നാണ് തൃശൂർ പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ടും ചമയപ്രദർശനവും.