കൊച്ചി> ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒന്നേകാൽക്കോടിയുടെ സ്വർണം കടത്തിയ കേസിൽ തൃക്കാക്കരയിലെ മുസ്ലിംലീഗ് നേതാവിന്റെ മകൻ ഷാബിൻ ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങാൻ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകി. ഷാബിന്റെ സുഹൃത്തും സിനിമാനിർമാതാവുമായ കെ പി സിറാജുദീനായി തിരച്ചിൽ നോട്ടീസ് ഇറക്കും.
സ്വർണം പിടിച്ചതോടെ ഇയാൾ ദുബായിലേക്ക് കടന്നു. ഏപ്രിൽ 16ന് ദുബായിൽനിന്ന് 2.23 കിലോ സ്വർണം സിറാജുദീന്റെ പേരിലാണ് എത്തിയത്. ഇത് വാങ്ങാൻ ഷാബിനും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. കസ്റ്റംസിനെ കണ്ടതോടെ ഷാബിൻ രക്ഷപ്പെട്ടു. 28ന് അറസ്റ്റ് ചെയ്തു. ഷാബിൻ ഇബ്രാഹിം, സുഹൃത്തുക്കളായ അഫ്സൽ, സുധീർ എന്നിവർ ഒരുകോടി രൂപയാണ് സ്വർണം കടത്താനായി നിക്ഷേപിച്ചത്. സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മറ്റുള്ളവരെക്കുറിച്ചും കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
ഒരുകോടി രൂപ ഹവാലയായി ദുബായിലുള്ള കെ പി സിറാജുദീന് അയച്ചുകൊടുത്തു. ഈ തുക ഉപയോഗിച്ചാണ് 2.23 കിലോ സ്വർണം നെടുമ്പാശേരിയിൽ എത്തിച്ചത്. ബിസ്കറ്റ് രൂപത്തിലാക്കി സ്വർണം ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ചാണ് എത്തിച്ചത്. വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി സ്വർണം കടത്തി പരിചയമുള്ള സിറാജുദീനാണ് സ്വർണക്കടത്തിൽ ഷാബിനെ പങ്കാളിയാക്കിയത്. അഫ്സൽ, സുധീർ എന്നിവരോട് 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗവും തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറിയും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിരുന്നു.