തിരുവനന്തപുരം> പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 16.5 ലക്ഷം രൂപ പിഴയും. കുട്ടിക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവനുഭവിക്കണം. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്. 16.5 ലക്ഷം രൂപ കുട്ടിക്ക് പിഴയായി നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വര്ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2019ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ മരണപ്പെട്ട കുട്ടി പിതാവിനൊപ്പം ഉറങ്ങുമ്പോൾ ഉപദ്രവിച്ചെന്നാണ് കേസ്. മിടുക്കിയായിരുന്ന കുട്ടി പഠിനത്തിൽ ശ്രദ്ധിക്കാതായതും ക്ലാസിൽ മൂകയായിരിക്കുന്നതും ശ്രദ്ധിച്ച അധ്യാപിക വിവരമന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാങ്ങോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതിഗുരുതര കുറ്റകൃത്യമാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനും കോടതി നിർദേശം നൽകി.,പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്പ്രസാദ് അഭിഭാഷകരായ വി ഇസഡ് ഹഷ്മി, വി സി ബിന്ദു എന്നിവർ ഹാജരായി.