കൊച്ചി > തൃക്കാക്കരയിൽ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ എറണാകുളത്തു നിന്നുള്ള എഐസിസി മെമ്പറായ തന്നോട് ചർച്ച ചെയ്തിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിനും എന്നെ വിളിച്ചിട്ടില്ല. ആരോടൊക്കെയാണ് പ്രതിപക്ഷനേതാവ് ചർച്ച നടത്തിയത് എന്നറിയില്ല. എന്നോട് മാത്രമല്ല യുഡിഎഫ് ചെയർമാൻ കൂടിയായ ഡൊമിനിക് പ്രസന്റേഷൻ, കെ ബാബു എംഎൽഎ എന്നിവരോടൊന്നും സംസാരിച്ചിട്ടില്ലെണറിയുന്നത് – കെ വി തോമസ് വാർത്താലേഖകരോടു പറഞ്ഞു.
നാൽപതു നേതാക്കളോടു സംസാരിച്ചശേഷമാണു സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന വി ഡി സതീശൻ പറഞ്ഞത് വാർത്താലേഖകർ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് കെ വി തോമസ് പ്രതികരിച്ചത്. വ്യക്തിബന്ധങ്ങൾക്കല്ല; തെരഞ്ഞെടുപ്പിൽ വികസനത്തിനും രാഷ്ട്രീയത്തിനുമാണ് പ്രാധാന്യമെന്നും കെ വി തോമസ് ആവർത്തിച്ചു.
സഹതാപതരംഗത്തിൽ വിശ്വാസമില്ല. ഉമതോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. എന്നാൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ വികസനത്തിന്റെ രാഷ്ട്രീയത്തിനാണ് പ്രാധാന്യം. താൻ വികസനത്തിനുവേണ്ടിയാണു വാദിക്കുന്നത്. വികസനകാര്യത്തിൽ വിട്ടു വിഴ്ചയില്ലാത്ത നിലപാടാകും സ്വീകരിക്കുക. എൽഡിഎഫിനോ യുഡിഎഫിനോ വേണ്ടി ഇറങ്ങുമോ എന്നതലല്ല. വികസനത്തിനുവേണ്ടി ജനങ്ങളോടു സംസാരിക്കാനുണ്ടാകും –- കെ വി തോമസ് വാർത്താലേഖകരോടു പറഞ്ഞു.
ഉമതോമസ് ഇന്നലെ വിളിച്ചിരുന്നു. ഭാര്യയുമായി സംസാരിച്ചു. ഞാനുണ്ടായില്ല. വ്യക്തിപരമായി ഞങ്ങൾ കുടുംബവുമായി നല്ല സൗഹൃദത്തിലാണ്. എന്നാൽ ഞാൻ പെട്ടെന്നു വീഴുന്ന ആളല്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളാണ്. വികസനവും സഹതാപവും രണ്ടാണ്. രണ്ടും ഒന്നായി കാണാനാവില്ല. ഉമ തോമസ് കെ വി തോമസിനെ വസതിയിലെത്തി കാണുമെന്ന വാർത്താലേഖകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.