ന്യൂഡൽഹി
നീറ്റ് അഖിലേന്ത്യ ക്വോട്ടാ പ്രവേശനത്തില്‍ സാമ്പത്തിക സംവരണത്തിനുള്ള വരുമാനപരിധി എട്ടു ലക്ഷമായി നിശ്ചയിച്ചത് ചോദ്യംചെയ്ത ഹർജികളിൽ സുപ്രീംകോടതി മെയ് രണ്ടാംവാരം വാദം കേൾക്കും. അടുത്തഘട്ടം നീറ്റ് പിജി പരീക്ഷ മെയ് 23ന് നടക്കാനിരിക്കുന്നത് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബെല എം ത്രിവേദി എന്നിവർ ഇക്കാര്യം അറിയിച്ചത്.
ഒബിസി 27 ശതമാനം, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനം എന്ന നിലയിൽ നീറ്റ് ബിരുദതല പ്രവേശനം നടത്താൻ ജനുവരി ഏഴിന് കോടതി അനുമതി നൽകി. പ്രവേശനനടപടി വൈകാതിരിക്കാൻ സാമ്പത്തിക സംവരണത്തിനുള്ള പരിധി എട്ടു ലക്ഷമായി തുടരാനും അനുവദിച്ചു. എന്നാൽ, കേന്ദ്രസർക്കാർ നിയോഗിച്ച പാണ്ഡെ കമ്മിറ്റി എട്ടു ലക്ഷം പരിധി തുടരാനും അഞ്ച് ഏക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ളവരെ ഒഴിവാക്കാനും ശുപാർശ ചെയ്തു.