തിരുവനന്തപുരം > ‘ഓപ്പറേഷ ന് മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 40 ഇടത്ത് പരിശോധന നടത്തി. 22 മത്സ്യ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. കൂടാതെ, പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസും നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിട്ടും കാര്യമായ മായം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യവിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 3015 പരിശോധനയില്‍ 1173 സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചു.
റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 666 പരിശോധനയില്‍ ഒമ്പത് സാമ്പിളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍മുതല്‍ പ്രധാന ലേലകേന്ദ്രങ്ങള്വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാലയളവില്‍ പരിശോധന നടത്തി. പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.