തിരുവനന്തപുരം
സിൽവർലൈൻ വിരുദ്ധ സമരങ്ങളെ ശക്തമായി നേരിടാൻ സിപിഐ സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചതായി സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കേണ്ട ഭൂമി ഏറ്റെടുക്കൽ മുടക്കാനാണ് ഇപ്പോഴത്തെ സമരാഭാസങ്ങൾ. ഇതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജില്ലാഅടിസ്ഥാനത്തിൽ വിശദീകരണ യോഗങ്ങൾക്ക് എൽഡിഎഫ് തുടക്കമിട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ സിപിഐ നേതൃപരമായ പങ്കുവഹിക്കും. യോഗത്തിൽ പദ്ധതിക്കെതിരെ തീരുമാനമുണ്ടായി എന്നനിലയിലുള്ള വാർത്തകൾ ഭാവനയാണെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ: മികച്ച നഷ്ടപരിഹാരം
ദേശീയപാതാ വികസനത്തിന് സിപിഐയുടെ ഭൂമിയും ഓഫീസുകളും ഏറ്റെടുത്തതിന് മികച്ച നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കെപിഎസിയുടെ ഭൂമി ഏറ്റെടുത്തതിന് 1.82 കോടി രൂപ അനുവദിച്ചു. കരുനാഗപ്പള്ളിയിലെ പാർടി ഓഫീസിന് 82 ലക്ഷം രൂപ ലഭിച്ചു. കായംകുളത്തെ ഓഫീസിന്റെ ഭാഗം നഷ്ടപ്പെട്ടപ്പോൾ 60 ലക്ഷം അനുവദിച്ചു. വടകരയിലും തലശേരിയിലുൾപ്പെടെ പല പ്രദേശങ്ങളിലും മികച്ച നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കി. ഇതുപയോഗിച്ച് മികച്ച പാർടി ഓഫീസുകൾ നിർമിക്കാനായെന്നും വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു.
ഭൂമി ഉടമകളുടെ പരാതി കേൾക്കും
ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതികളെല്ലാം സർക്കാർ കേൾക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു നഷ്ടവുമില്ലാത്തവരുടെ പരാതി കേൾക്കണമെന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. ഏതു വികസന പദ്ധതിക്കും ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണ്. സിൽവർ ലൈനിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. പദ്ധതിയെ എതിർക്കുന്നവർ ബദൽ എന്തെന്ന് വ്യക്തമാക്കണം. ആറു ബദൽ നിർദേശിച്ചാണ് എക്സ്പ്രസ്വേയെ എതിർത്തത്. അതിൽ അഞ്ചും എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നു. ആറാമത്തേതാണ് വേഗ റെയിൽപ്പാത. പദ്ധതിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ യുവകലാസാഹിതി സെക്രട്ടറിയിൽനിന്ന് വിശദീകരണം തേടുമെന്നും കാനം പറഞ്ഞു.