തൃശൂർ
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ബിഇഎഫ്ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കും എന്ന 2021ലെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കാൻ, ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ടുവരാനാണ് നീക്കം. ഭാവിയിൽ കൂടുതൽ ബാങ്കുകളെ സ്വകാര്യവൽകരിക്കാൻ ഉതകുന്ന രീതിയിൽ ബാങ്കിങ് കമ്പനീസ് ആക്ടും ബാങ്കിങ് റെഗുലേഷൻ ആക്ടും ഭേദഗതി ചെയ്യുകയാണ് ബില്ലിന്റെ ലക്ഷ്യം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കിലും സ്വകാര്യവൽക്കരണ നീക്കം നടക്കുകയാണ്. മറ്റു പൊതുമേഖലാ ബാങ്കുകളിലേക്കും ഈ പിൻവാതിൽ സ്വകാര്യവൽക്കരണ നടപടി വ്യാപിപ്പിക്കുകയാണ്. ഗ്രാമീണ ബാങ്കുകളെയും അർബൻ സഹകരണ ബാങ്കുകളെയും ഏറ്റെടുക്കാൻ കോർപറേറ്റുകൾക്ക് അനുവാദം നൽകുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.
രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും സാമ്പത്തിക തകർച്ചകളിൽ നിന്നും സമ്പദ്ഘടനയെ സംരക്ഷിക്കുകയും ചെയ്ത പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം വൻ ആഘാതം തീർക്കും. പൊതുമേഖലാ ബാങ്കുകളെയും ജനകീയ ബാങ്കിങ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ബാങ്ക് ജീവനക്കാരും ഇടപാടുകാരും ദേശസ്നേഹികളും ഒന്നിക്കണമെന്നും 14–-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.