ന്യൂഡൽഹി
ഇരുപത്തിഅഞ്ച് വർഷത്തിലധികം തടവ്ശിക്ഷ അനുഭവിച്ച ഒട്ടേറെപ്പേരെ കോടതി മോചിപ്പിച്ചിട്ടും രാജീവ്ഗാന്ധി വധക്കേസിൽ കുറ്റവാളിയായ എ ജി പേരറിവാളനെ വിട്ടയക്കാത്തത് എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ശിക്ഷ ഇളവ് ചെയ്യേണ്ടത് ആരാണെന്ന നിയമ തർക്കത്തിനുനിൽക്കാതെ രാഷ്ട്രപതിക്കോ ഗവർണർക്കോ, ആർക്കുവേണമെങ്കിലും 36 വർഷമായി തടവിൽ കഴിയുന്നയാളെ വിട്ടയക്കാമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു പറഞ്ഞു.
ശിക്ഷായിളവ് അനുവദിച്ച തമിഴ്നാട് മന്ത്രിസഭ തീരുമാനം രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണറുടെ നടപടിയെ കോടതി വിമർശിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണർ രാഷ്ട്രപതിക്ക് വിട്ടത് ഫെഡറലിസത്തിന് ആഘാതമാണ്. മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് -ജസ്റ്റിസ് ബി ആർ ഗവായി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. സുപ്രീംകോടതി മാർച്ച് ഒമ്പതിന് പേരറിവാളന് ജാമ്യം നൽകിയിരുന്നു. ശിക്ഷായിളവിൽ ഗവർണർ രണ്ട് വർഷമായി തീരുമാനം നീട്ടുന്നതിൽ സുപ്രീംകോടതി നവംബറിൽ അതൃപ്തി പ്രകടിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ 2021 ജനുവരി 22ന് ഗവർണർക്ക് നിർദേശം നൽകി.
തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് ഗവർണർ കരുതുന്ന രാഷ്ട്രപതിക്ക് അദ്ദേഹം വിഷയം വിട്ടിരിക്കയാണെന്ന് ആഭ്യന്തരമന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം നൽകി. 20 വർഷമായി കേന്ദ്രസർക്കാർ തീരുമാനം നീട്ടുകയാണെന്ന് പേരറിവാളനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. അടുത്ത അവധിക്കുമുമ്പ് കേസിലെ എല്ലാ ഉത്തരവും ഹാജരാക്കാൻ തമിഴ്നാട് സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കോടതി നിർദേശിച്ചു.
ശിക്ഷാവിധി ഹാജരാക്കണം
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ 26 പ്രതികൾക്കും വധശിക്ഷ വിധിച്ച് 1998 ജനുവരി 28നു പുറപ്പെടുവിച്ച ടാഡാ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിർദേശിച്ചു. മോചനം ആവശ്യപ്പെട്ടുള്ള കേസിലെ പ്രതിയായ നളിനിയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എം എൻ ഭണ്ഡാരി, ജസ്റ്റിസ് ഡി ഭരതചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ടാഡാ നിയമത്തിലെ ഏത് വകുപ്പുകൾ പ്രകാരമാണ് നളിനിയെ കുറ്റക്കാരിയായി കണ്ടെത്തിയതെന്ന് അറിയണമെന്നും കോടതി പറഞ്ഞു.