മലപ്പുറം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി ബലാത്സംഗ കേസ് പ്രതിയെ നിയോഗിച്ച കേന്ദ്ര സർക്കാർ നടപടി വിവാദമാകുന്നു. സോളാർ കേസ് പ്രതിയായ യുവതിയുടെ പരാതിയിൽ സിബിഐ അന്വേഷണം നേരിടുന്ന എ പി അബ്ദുള്ളക്കുട്ടിയെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയത്. സിബിഐ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഗുരുതര കേസിൽ പ്രതിയായ വ്യക്തിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയത് പദവിയുടെ മഹത്വം കളയുന്നതാണെന്നാണ് വിമർശം. കഴിഞ്ഞ വർഷമാണ് അബ്ദുള്ളക്കുട്ടി ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ സിബിഐ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവരാണ് മറ്റ് പ്രതികൾ. ഇതിന്റെ എഫ്ഐആർ തിരുവനന്തപുരം സിബിഐ സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ചിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആറ് കേസുകൾ യുവതിയുടെ ആവശ്യപ്രകാരമാണ് സർക്കാർ സിബിഐക്ക് വിട്ടത്.
യുഡിഎഫ് എംഎൽഎയായിരിക്കെ അബ്ദുള്ളക്കുട്ടി തലസ്ഥാനത്തെ ഹോട്ടലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2014 മാർച്ച് എട്ടിന് കന്റോൺമെന്റ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.