കൊച്ചി
അബുദാബി ശക്തി തിയറ്റേഴ്സിന്റെ സാഹിത്യ പുരസ്കാരങ്ങൾ കൊച്ചിയിൽ സമ്മാനിച്ചു. എറണാകുളം ഇ എം എസ് ടൗൺഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവാർഡുദാനവും സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. 35–-ാമത് ശക്തി അവാർഡും 33–-ാമത് തായാട്ട് ശങ്കരൻ അവാർഡും 15–-ാമത് ടി കെ രാമകൃഷ്ണൻ അവാർഡും ഏഴാമത് എരുമേലി പരമേശ്വരൻപിള്ള അവാർഡുമാണ് സമ്മാനിച്ചത്.
ഇതര സാഹിത്യകൃതികൾക്കായി ഏർപ്പെടുത്തിയ ശക്തി എരുമേലി അവാർഡ് പ്രൊഫ. എം കെ സാനു ഏറ്റുവാങ്ങി. ‘കേസരി: കാലഘട്ടത്തിന്റെ സൃഷ്ടാവ്’ എന്ന കൃതിക്കാണ് അവാർഡ്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ടി കെ രാമകൃഷ്ണൻ പുരസ്കാരം മുതിർന്ന നാടകക്കാരൻ സി എൽ ജോസ് ഏറ്റുവാങ്ങി. വിജ്ഞാന സാഹിത്യ അവാർഡ് വ്യവസായമന്ത്രി പി രാജീവിന് സമ്മാനിച്ചു. ‘ഭരണഘടന: ചരിത്രവും സംസ്കാരവും’ എന്ന രചനയ്ക്കാണ് അവാർഡ്.
നിരൂപണത്തിനുള്ള തായാട്ട് അവാർഡ് വി യു സുരേന്ദ്രനും ഇ എം സുരജയും ഏറ്റുവാങ്ങി. കെ ആർ മല്ലിക (നോവൽ–-അകം), വി ആർ സുധീഷ് (കഥ–-കടുക്കാച്ചി മാങ്ങ), സേതു (ബാലസാഹിത്യം–-അപ്പുവും അച്ചുവും), അസിം താന്നിമൂട് (കവിത–-മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്), രാവുണ്ണി (കവിത–-കറുത്ത വറ്റേ, കറുത്ത വറ്റേ), ഇ ഡി ഡേവിസ് (നാടകം–- ഇരിക്കപ്പിണ്ഡം കഥപറയുന്നു), രാജ്മോഹൻ നീലേശ്വരം (നാടകം–-ജീവിതം തുന്നുമ്പോൾ) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
അവാർഡ് കമ്മിറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തായാട്ട് ശങ്കരൻ അനുസ്മരണം നടത്തി. അവാർഡിനർഹമായ കൃതികൾ കവി പ്രഭാവർമ പരിചയപ്പെടുത്തി. പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ കെ സുലേഖ, ശക്തി പ്രസിഡന്റ് ടി കെ മനോജ്, സോമശേഖരൻപിള്ള, എം യു അഷറഫ് എന്നിവർ സംസാരിച്ചു. എ കെ മൂസ സ്വാഗതവും ജോൺ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.