ന്യൂഡൽഹി
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് അടക്കിവാണ കാലത്ത് ഡൽഹിയിൽ എത്തിയ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുമ്പോൾ രാജ്യത്ത് കോൺഗ്രസ് ഛിന്നഭിന്നം. 1984ൽ ഇന്ദിര ഗാന്ധി വധത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ 514ൽ 404 സീറ്റും നേടി കോൺഗ്രസ് അധികാരത്തിലെത്തി അടുത്തവർഷം ആന്റണി ആദ്യമായി രാജ്യസഭാംഗമായി തലസ്ഥാനത്ത് എത്തി. ഇന്ന് ഡൽഹി വിടുമ്പോൾ കോൺഗ്രസിന് ലോക്സഭയിൽ 54 അംഗങ്ങൾമാത്രം. 1991ൽ രണ്ടാംവട്ടം രാജ്യസഭാ അംഗമായ ആന്റണി നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായി. എന്നാൽ, 1995ൽ സർക്കാരിനെതിരായ പഞ്ചസാര അഴിമതിയിൽ രാജിവച്ചു. ആ വർഷംതന്നെ കേരളത്തിലെത്തി മുഖ്യമന്ത്രിയായി. 2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കനത്ത തോൽവിയെത്തുടർന്ന് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
അടുത്തവർഷം വീണ്ടും രാജ്യസഭയിൽ. 2022 വരെ നീണ്ട 17 വർഷം രാജ്യസഭാംഗം. ഭരണഘടനയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ അവസാന ടേമിൽ ഒറ്റ ചോദ്യംപോലും ചോദിക്കാത്ത ആന്റണിയുടെ നിലപാടിനെതിരെ വിമർശമുയർന്നു. 2019ൽ രാഹുൽ ഗാന്ധിയെ അമേത്തിക്കു പുറമേ വയനാട്ടിൽ മത്സരിപ്പിച്ചതിനു പിന്നിൽ ആന്റണിയായിരുന്നു.
വയനാട്ടിൽ രാഹുൽ ജയിച്ചെങ്കിലും കോൺഗ്രസ് നാമാവശേഷമായി. തുടർച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളിൽ ജനം തള്ളിയ കേരളത്തിലെ കോൺഗ്രസിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് ആന്റണിക്ക് അറിയാം. ഇതിനാലാണ് ആരെയും തിരുത്താനുള്ള ശക്തി തനിക്ക് ഇപ്പോഴില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചതും.
ഇനി കേരളത്തിൽ പ്രവർത്തിക്കും
ഡൽഹിയിലെ താമസം അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. ഇനി തിരുവനന്തപുരത്തെ കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ രാഷ്ട്രീയം വിടുമെന്ന സൂചനയും അദ്ദേഹം നൽകി. ഡൽഹി ജൻപഥ് രണ്ടിലെ വസതിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകസമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല.
സംഘടനാ തെരഞ്ഞെടുപ്പോടെ ദേശീയ രാഷട്രീയം വിടും. ജനാധിപത്യത്തിൽ കസേരകൾ ആർക്കും സ്ഥിരമല്ല. കോൺഗ്രസ് നേരിടുന്ന തിരിച്ചടി താൽക്കാലികമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാകും. നെഹ്റു കുടുംബമില്ലാതെ കോൺഗ്രസ് ഇല്ല. വർഗീയ ധ്രുവീകരണത്താലാണ് പാർടി ക്ഷീണിച്ചത്. ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കോൺഗ്രസിനെ തിരിച്ചെത്തിക്കാനുള്ള തീരുമാനമുണ്ടാകും.
കേരളത്തിലെത്തിയാലും കോവിഡാനന്തര ശാരീരിക അവസ്ഥ മുൻനിർത്തി മൂന്നുമാസം വിശ്രമത്തിലായിരിക്കുമെന്നും ആന്റണി പറഞ്ഞു.