കൊച്ചി
പോളിസി ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിനിടെ എൽഐസിയെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) മെയ് നാലുമുതൽ ഒമ്പതുവരെ നടക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അഞ്ച് ശതമാനം ഓഹരി വിൽക്കുമെന്നാണ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, വിപണിയിൽനിന്നുള്ള പ്രതികരണം അനുകൂലമല്ലാതായതോടെ 3.5 ശതമാനമായി വെട്ടിക്കുറച്ചു. 221,374,920 ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. 21,000 കോടി രൂപയോളമാണ് ഇതിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
ധനമന്ത്രാലയത്തിനുവേണ്ടി ഇന്ത്യൻ പ്രസിഡന്റാണ് ഓഹരികൾ വിൽപ്പനയ്ക്കുവച്ചിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 902 രൂപമുതൽ 949 രൂപവരെയാണ് വിൽപ്പനവില. കുറഞ്ഞത് 15 ഓഹരിക്ക് അപേക്ഷിക്കാം.
പോളിസി ഉടമകൾക്ക് ഐപിഒയുടെ 10 ശതമാനം വരുന്ന 22,137,492 ഓഹരികളും ജീവനക്കാർക്ക് അഞ്ച് ശതമാനം വരുന്ന 1,581,249 ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ബാക്കി ഓഹരികളില് 50 ശതമാനം യോഗ്യരായ സ്ഥാപന നിക്ഷേപകര്ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്ക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകര്ക്കും ലഭ്യമാകും. പോളിസി ഉടമകൾക്ക് ഓഹരി ഒന്നിന് 60 രൂപയും ജീവനക്കാർക്ക് 45 രൂപയും വിലയിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.ഓഹരികള് മെയ് 17ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളില് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്ഷുറന്സ് സ്ഥാപനമായ എല്ഐസിക്ക് മൂല്യം കണക്കാക്കിയിരിക്കുന്നത്. 74.6 ശതമാനം വിപണി വിഹിതമുള്ള കോര്പറേഷന് കഴിഞ്ഞ സാമ്പത്തികവർഷം ഓരോ മിനിറ്റിലും 41 എന്ന തോതില് 21,71,8695 കോടി പോളിസികളാണ് വിറ്റഴിച്ചത്.