മലപ്പുറം
കിരീടം അരികെയെന്ന തോന്നൽ ജിജോ ജോസഫിന്റെ മുഖത്തുണ്ട്. നല്ല തെളിച്ചം, പൂർണ ആത്മവിശ്വാസം. സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തെ മുന്നിൽനിന്ന് നയിക്കുകയാണ് ക്യാപ്റ്റൻ ജിജോ ജോസഫ്.
കേരളം തോൽവിയറിയാതെ സെമിയിലേക്ക് കുതിച്ചപ്പോൾ ഹാട്രിക് ഉൾപ്പെടെ അഞ്ച് ഗോളുകളുമായി മുന്നിലുണ്ട് മുപ്പതുകാരൻ.
തൃശൂർ സ്വദേശിയായ ജിജോ 2014 മുതൽ സന്തോഷ് ട്രോഫി ടീമിലുണ്ട്. 2018ൽ കിരീടംചൂടിയ ടീമിലും അംഗം. കേരളവർമ കോളേജിൽ പഠിക്കുന്ന കാലത്ത് 2014ൽ അഖിലേന്ത്യാ അന്തർസർവകലാശാല കിരീടം നേടിയ കലിക്കറ്റ് സർവകലാശാലാ ടീമിലുണ്ടായിരുന്നു. എസ്ബിഐയിൽ ക്ലർക്കായ മധ്യനിരക്കാരൻ ഈ വർഷം കെഎസ്ഇബിയുടെ അതിഥിതാരമായാണ് കേരള പ്രീമിയർ ലീഗിൽ കളിച്ചത്. ഏഴാംകിരീടം രണ്ടു കളിമാത്രം അകലെയുള്ളപ്പോൾ ജിജോ ജോസഫ് സംസാരിക്കുന്നു.
എന്താണ് പ്രതീക്ഷകൾ?
കിരീടം നേടുകയാണ് ലക്ഷ്യം. ഇതുവരെ കഠിനാധ്വാനം ചെയ്തത് കപ്പ് നേടാനാണല്ലോ. എല്ലാവരും ആത്മവിശ്വാസത്തിലാണ്. എല്ലാവരും പോസിറ്റീവ് എനർജിയിലുമാണ്. നൂറുശതമാനവും ആത്മാർഥമായി കളിക്കും. കോച്ച് പറയുന്ന കാര്യങ്ങൾ അതേപോലെ നടപ്പാക്കാനാണ് ശ്രമിക്കുക.
ഇതുവരെയുള്ള പ്രകടനം?
കഴിഞ്ഞ നാലു മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു. അതിനുള്ള ഫലമാണ് കിട്ടിയത്. ശക്തരായ ടീമുകളുമായാണ് കളിച്ചത്. കരുത്തരായ ബംഗാളിനെയും പഞ്ചാബിനെയും തോൽപ്പിക്കാൻ കഴിഞ്ഞു. മേഘാലയയെ സമനിലയിൽ തളച്ചു. ഇതുവരെയുള്ള കളിയിൽ സംതൃപ്തരാണ്. ഓരോ മത്സരം കഴിയുംതോറും എല്ലാവരും ഫോമിലായി വരുന്നുണ്ട്. പിഴവുകൾ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഒരുമാസത്തെ ക്യാമ്പ് ഏറെ ഗുണകരമായി. അണ്ടർ 21 താരങ്ങളെല്ലാം സൂപ്പർ കളിയാണ്. സന്തോഷ് ട്രോഫിയിൽ അധികം കളിച്ചില്ലെങ്കിലും അർജുൻ ജയരാജും സൽമാനുമൊക്കെ ഐഎസ്എല്ലും ഐ ലീഗുമെല്ലാം കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. ഗോളി മിഥുന് ചെറിയ പരിക്കുപറ്റിയെങ്കിലും സെമിയാകുമ്പോഴേക്കും തിരിച്ചുവരും.
കാണികളുടെ പിന്തുണ?
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ കാണികൾ തരുന്ന പിന്തുണ വലുതാണ്. നമ്മൾ തളർന്നുവെന്ന് തോന്നുമ്പോഴൊക്കെ ഗ്യാലറിയൊന്നാകെ ഊർജം പകർന്നുതരും. മറ്റു ടീമുകൾ പതറിപ്പോകുന്നതും പലപ്പോഴും ഈ സമയങ്ങളിലാണ്.