ഇസ്ലാമാബാദ്
പാകിസ്ഥാനിൽ 15 മാസത്തിനിടയിൽ ആദ്യമായി ഒരാൾക്ക് പോളിയോ സ്ഥിരീകരിച്ചു. വടക്കൻ വസീരിസ്ഥാനിലെ 15 വയസ്സുകാരനാണ് രോഗം ബാധിച്ചതെന്ന് പാകിസ്ഥാൻ പോളിയോ നിർമാർജന പരിപാടിയുടെ കോഓർഡിനേറ്റർ ഷഹ്സാദ് ബൈഗ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേരും. 2021 ജനുവരിയിലാണ് അവസാനമായി പാകിസ്ഥാനിൽ പോളിയോ സ്ഥിരീകരിച്ചത്. അതിനുശേഷം 12 മാസം ആർക്കും പോളിയോ സ്ഥിരീകരിക്കാത്തതിന്റെ ആഘോഷവും നടത്തി. ആഗോള പോളിയോ നിർമാർജന പദ്ധതിയുടെ കണക്കനുസരിച്ച് 2022ൽ ലോകത്ത് മൂന്നാമത്തെയാളിലാണ് പോളിയോ കണ്ടെത്തുന്നത്. മാലവിയിലും അഫ്ഗാനിസ്ഥാനിലും ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോളിയോ രോഗം പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാത്ത രാജ്യങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും.