തലശേരി> സിപിഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്എസ് നേതാവ് നിജിൽദാസിന് ഒളിച്ചുകഴിയാൻ പുന്നോൽ അമൃതവിദ്യാലയത്തിലെ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്മ വീട് നൽകിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട്.
‘പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. രാത്രിയും പകലുമായി ഇടയ്ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു.
വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പുന്നോൽ അമൃതവിദ്യാലയത്തിലേക്കും തിരിച്ചും നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്ക ദിവസവും രേഷ്മ സഞ്ചരിച്ചിരുന്നത്. ഇവർ തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ. മുഴുവൻ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൾഫിൽ ജോലിചെയ്യുന്ന, അണ്ടലൂർകാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ട് വർഷം മുമ്പ് നിർമിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. നിജിൽദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ–-ഓഡിനേറ്റർകൂടിയായ അധ്യാപികക്ക് മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.