കൊച്ചി> പ്രതിപക്ഷനേതാവ് വി ഡി സതീശനേക്കാൾ ഒരുപിടി ചോറ് ഉണ്ടയാളാണ് താനെന്നും സതീശനേക്കാൾ കൂടുതൽ ഇഫ്താർ നടത്തുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രൊഫ കെ വി തോമസ് പറഞ്ഞു. കെ വി തോമസിന് ഇഫ്താർപോലും അറിയില്ലെന്ന സതീശന്റെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇഫ്താറിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനോ മുഖ്യമന്ത്രിയുടെ ഇഫ്താറിൽ സതീശൻ പങ്കെടുത്തതോ അല്ല വിഷയം. കണ്ണൂരിൽ താൻ സെമിനാറിന് പോയതിനെ എതിർക്കാൻ സതീശൻ പറഞ്ഞ ന്യായങ്ങൾ സതീശനും വിഷ്ണുനാഥിനും ബാധകമല്ലേ എന്നുമാത്രമാണ് ചോദിച്ചത്. കണ്ണൂർ കോൺഗ്രസ് പ്രവർത്തകരുടെ ചോരവീണ മണ്ണാണെന്നും കെ- റെയിൽ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റുകിടക്കുമ്പോഴാണ് കെ വി തോമസ് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതെന്നുമാണ് സതീശൻ അന്നു പറഞ്ഞത്. പ്രവർത്തകരെ മറന്നാണോ സതീശൻ ഇഫ്താറിൽ പങ്കെടുത്തത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ ഇപ്പോഴും അഞ്ചുമണിക്കൂർ വേണം.
യാത്രാസമയം കുറയ്ക്കാൻ കെ- റെയിൽ വരുമ്പോൾ പോസിറ്റീവായി ചർച്ച ചെയ്യണം. പ്രവർത്തകരോട് കല്ല് പിഴുതുമാറ്റാൻ പറയുന്നതിനുപകരം പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാരണങ്ങളാൽ എതിർക്കരുത്. ഇഫ്താറുകളിൽ മുഖ്യമന്ത്രിയെ കണ്ടപ്പോൾ കെ– റെയിൽ പോരായ്മകൾ സതീശൻ സംസാരിച്ചോയെന്നും അറിയാൻ ആഗ്രഹമുണ്ട്– കെ വി തോമസ് പറഞ്ഞു.