ലണ്ടൻ
കളത്തിന് അകത്തും പുറത്തുമുള്ള തിരിച്ചടികളിൽനിന്ന് ചെൽസി ആശ്വാസം നേടുന്നു. എഫ്എ കപ്പ് ഫുട്ബോൾ ഫെെനലിൽ കടന്നതോടെ സീസണിൽ ഒരു കിരീടം സ്വപ്നം കാണുകയാണ് ചെൽസി. ഉടമയായ റൊമാൻ അബ്രമോവിച്ചിന് ഏർപ്പെടുത്തിയ ഉപരോധം കളത്തിനു പുറത്ത് ചെൽസിയെ ക്ഷീണിപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ കിരീടം നിലനിർത്താനുള്ള സ്വപ്നവും ഇതിനിടെ പൊലിഞ്ഞു. ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്താകുകയായിരുന്നു.
എഫ്എ കപ്പ് ചെൽസിക്ക് പിടിവള്ളിയാണ്. ഫെെനലിൽ കരുത്തരായ ലിവർപൂളാണ് എതിരാളികൾ. മെയ് പതിനാലിനാണ് ഫെെനൽ.
സെമിയിൽ ക്രിസ്റ്റൽ പാലസിനെ രണ്ട് ഗോളിന് കീഴടക്കിയാണ് ചെൽസി മുന്നേറിയത്. റൂബെൻ ലോഫ്ടസ് ചീക്കും മാസൺ മൗണ്ടും തോമസ് ടുഷെലിന്റെ സംഘത്തിന് ജയമൊരുക്കിയത്.
മറുവശത്ത് നാലു കിരീടമെന്ന സ്വപ്നമാണ് ലിവർപൂളിന്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കുപിന്നിൽ രണ്ടാമതാണ്. ചാമ്പ്യൻസ് ലീഗിൽ സെമിയിൽ കടന്നു. ഇംഗ്ലീഷ് ലീഗ് കപ്പ് ഫെബ്രുവരിയിൽ യുർഗൻ ക്ലോപ്പും സംഘവും സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലാണ് സെമിയിലെ എതിരാളികൾ.