മഞ്ചേരി
ബംഗാളിനെയും കീഴടക്കി സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പ്. രണ്ടാംമത്സരത്തിൽ രണ്ട് ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 32 തവണ ചാമ്പ്യൻമാരായ ബംഗാളിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു കേരളം പുറത്തെടുത്തത്. രണ്ടാംപകുതിയിലായിരുന്നു രണ്ട് ഗോളും. ഇതോടെ സെമി സാധ്യതയും വർധിപ്പിച്ചു.
പകരക്കാരായ പി എൻ നൗഫലും ടി കെ ജസിനും ലക്ഷ്യംകണ്ടു. പത്ത് മിനിറ്റിനുള്ളിലായിരുന്നു രണ്ട് ഗോളും. മഴയിൽ കുതിർന്ന മെെതാനം കേരളത്തിന്റെ നീക്കങ്ങൾകൊണ്ട് ചൂടുപിടിച്ചു. കേരളത്തിന്റെ ആക്രമണത്തിന് ബംഗാളിന്റെ പ്രതിരോധം. എങ്കിലും അവസരങ്ങളിൽ മുന്നിൽ കേരളമായിരുന്നു. മുതലാക്കാനായില്ല.
രാജസ്ഥാനെതിരെ കളിച്ച ടീമിൽ പരിശീലകൻ ബിനോ ജോർജ് മാറ്റങ്ങൾ വരുത്തി. സഫ്നാദിനുപകരം ഷിഗിൽ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു. ഇരുടീമും ഓരോ നീക്കവും കരുതലോടെയാണ് നടത്തിയത്. ആദ്യ മിനിറ്റുകളിൽ കേരളം ഇരച്ചുകയറി. ഇരുപത്തഞ്ചാം മിനിറ്റിൽ വിഘ്നേഷ് തൊടുത്ത ഷോട്ട് ബംഗാൾ ഗോളി പ്രിയന്ത്കുമാർ സിങ് പിടിച്ചെടുത്തു. പിന്നാലെ അർജുൻ ജയരാജ് അളന്നുമുറിച്ച് ബോക്സിന് അകത്തേക്ക് നൽകിയ പാസ് നിജോ ഗിൽബർട്ട് അടിച്ചെങ്കിലും ഗോൾകീപ്പർ തടഞ്ഞു. അരമണിക്കൂർ കഴിയുമ്പോൾ മൈതാനത്തിന്റെ വലതുവശത്തുനിന്ന് അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ഗോൾമുഖത്ത് താഴ്ന്നിറങ്ങി. ജിജോ ജോസഫ് തലവയ്ക്കുംമുമ്പേ ബംഗാൾ ഗോളി പന്ത് തട്ടിയകറ്റി.
രണ്ടാംപകുതിയിൽ നിജോ ഗിൽബർട്ടിനുപകരം നൗഫലിനെ മധ്യനിരയിലിറക്കി. 48––ാം മിനിറ്റിൽ ബംഗാൾ പ്രതിരോധക്കാരും ഗോളിയും തമ്മിലുള്ള ആശയക്കുഴപ്പത്തിൽനിന്ന് വീണുകിട്ടിയ പന്ത് മുതലാക്കാൻ വിഘ്നേഷിനായില്ല. തുടരെത്തുടരെ കേരളം ബംഗാൾ ബോക്സിൽ എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 74–-ാം മിനിറ്റിൽ വിഘ്നേഷിനെയും ഷിഗിലിനെയും പിൻവലിച്ച് ജസിനെയും സഫ്നാദിനെയും കൊണ്ടുവന്നു. ബംഗാൾ ഗോളി പ്രിയന്ത്കുമാർ കേരളത്തിനുമുന്നിൽ വിലങ്ങുതടിയായി.
അവസാന നിമിഷത്തിൽ പയ്യനാട് സ്റ്റേഡിയത്തിലെ ജനസാഗരം ഉണർന്നു. പി എൻ നൗഫൽ നേടിയ ഗോളിൽ കേരളം ഉയർത്തേഴുന്നേറ്റു. പരിക്ക് സമയത്തിന്റെ നാലാം മിനിറ്റിൽ ടി കെ ജസിൻ കേരളത്തിന് ആധികാരികവിജയം സമ്മാനിച്ചു.
നാളെ കേരളം മേഘാലയയെ നേരിടും.