ചെന്നൈ> ടേബിള്‍ ടെന്നിസ് താരം വാഹനാപകടത്തില്‍ മരിച്ചു. അസമിലെ ഗുവാഹത്തിയില്‍നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലന്(18) മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.
യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാര്‍, അഭിനാഷ് പ്രസന്നജി, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
സീനിയര്‍ നാഷനല്‍, ഇന്റര്‍സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് മൂന്നു സഹതാരങ്ങള്‍ക്കൊപ്പം ഷില്ലോങ്ങിലേക്കു പോകുകയായിരുന്നു വിശ്വ.മേഘാലയയിലെ ഷാങ്ബംഗ്ല ഗ്രാമത്തില്‍വച്ച് എതിരെ വന്ന ട്രെയിലര്‍ ട്രക്ക് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.