മ്യൂണിക്
ആറുവട്ടം ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽനിന്ന് പുറത്ത്. ഇരുപാദ ക്വാർട്ടറിൽ വിയ്യാറയലിനോട് 2–-1ന് തോറ്റു. ആദ്യപാദത്തിൽ ഒരു ഗോൾ ജയവുമായെത്തിയ വിയ്യാറയൽ രണ്ടാംപാദത്തിൽ ബയേണിനെ 1–-1ന് തളച്ചാണ് സെമിയിലേക്ക് കുതിച്ചത്. 16 വർഷത്തിനുശേഷമാണ് വിയ്യാറയൽ സെമി കാണുന്നത്. പരിശീലകൻ ഉനായ് എമെറിക്കുകീഴിലാണ് സ്പാനിഷ് പടയുടെ മുന്നേറ്റം.
രണ്ടാംപാദത്തിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബയേൺ മുന്നിലെത്തി. നിശ്ചിതസമയം തീരാൻ രണ്ട് മിനിറ്റുമാത്രം ബാക്കിനിൽക്കേ സാമുവൽ ചുങ്കുവെസെ വിയ്യാറയലിന്റെ സമനില ഗോൾ കുറിച്ചു. ജയവും.
സ്വന്തംതട്ടകത്തിൽ ആധിപത്യം ബയേണിനായിരുന്നു. വിയ്യാറയലിനെതിരെ ആകെ 27 ഷോട്ടുകളാണ് ജർമൻ ചാമ്പ്യൻമാർ തൊടുത്തത്. പന്തടക്കത്തിലും ബയേൺ തന്നെയായിരുന്നു മുന്നിൽ. പക്ഷേ, പ്രതിരോധത്തിൽ ക്യാപ്റ്റൻ റൗൾ അൽബിയോളും പൗ ടോറെസും വിയ്യാറയലിനായി മിന്നി. 52–-ാം മിനിറ്റിൽ ലെവൻഡോവ്സികി ലക്ഷ്യം കണ്ടെങ്കിലും പിന്നീട് തളർന്നില്ല വിയ്യാറയൽ. ജെറാർഡ് മൊറെനൊയുടെ ക്രോസിൽനിന്നാണ് ചുങ്കുവെസെയുടെ ഗോൾ പിറന്നത്. പകരക്കാരനായെത്തി മൂന്ന് മിനിറ്റിനുള്ളിലാണ് നൈജീരിയൻ മുന്നേറ്റക്കാരൻ ലക്ഷ്യം കണ്ടത്.
യുവന്റസിനെ വീഴ്ത്തിയാണ് വിയ്യാറയൽ ക്വാർട്ടറിൽ എത്തിയത്. യൂറോപ ലീഗ് ചാമ്പ്യൻമാരായാണ് ചാമ്പ്യൻസ് ലീഗിൽ ഇടംപിടിച്ചത്. സ്പാനിഷ് ലീഗിൽ നിലവിൽ ഏഴാംസ്ഥാനത്താണ്.