പുണെ
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് രക്ഷയില്ല. തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങി. ഇത്തവണ പഞ്ചാബ് കിങ്സിനോട് 12 റണ്ണിന് കീഴടങ്ങി. പഞ്ചാബ് ഉയർത്തിയ 199 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 9–-186 റണ്ണിൽ അവസാനിപ്പിച്ചു.
അഞ്ചുവട്ടം ചാമ്പ്യൻമാരായ രോഹിത് ശർമയും സംഘവും ഒറ്റ പോയിന്റുമില്ലാതെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. അവസാന ഓവറിൽ 22 റൺ ജയിക്കാൻ വേണമായിരുന്നു. എന്നാൽ, ഒഡീൻ സ്മിത്ത് എറിഞ്ഞ ഓവറിൽ നേടിയത് 9 റൺ. മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അർധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ശിഖർ ധവാനും (70) ക്യാപ്റ്റൻ മായങ്ക് അഗർവാളുമാണ് (52) പഞ്ചാബിന് മികച്ച സ്കോർ ഒരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഗംഭീര തുടക്കം കിട്ടി. അഗർവാളും ധവാനും സ്വപ്നതുല്യമായാണ് തുടങ്ങിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 97 റൺ നേടി. ആദ്യ ഓവറിൽ 10 റണ്ണടിച്ച സഖ്യം അഞ്ച് ഓവറിൽ 53 റണ്ണിലെത്തി. അപകടകാരിയായ മായങ്കിനെ 10–-ാം ഓവറിൽ വീഴ്ത്തി എം അശ്വിൻ മുംബൈയ്ക്ക് വഴിത്തിരിവൊരുക്കി. സൂര്യകുമാർ യാദവിന് ക്യാച്ച്. ആറ് ഫോറും രണ്ട് സിക്സറും ഉൾപ്പെട്ട 52 റണ്ണെടുക്കാൻ വേണ്ടിവന്നത് 32 പന്തുകൾ. ധവാന് കൂട്ടെത്തിയ ജോണി ബെയർസ്റ്റോയ്ക്കും (12) ലിയാം ലിവിങ്സ്റ്റണും (2) മികവു കാട്ടാനായില്ല. ധവാൻ 50 പന്തിൽ 70 റണ്ണടിച്ചു. ബേസിൽ തമ്പിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് പൊള്ളാർഡിന്റെ കൈയിലായി. അതിനുള്ളിൽ അഞ്ച് ഫോറും മൂന്ന് സിക്സറും നേടി.
മുംബൈയ്ക്കായി ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 49 റണ്ണെടുത്തു. രാഹുൽ ചഹാറിനെ തുടർച്ചയായി നാലുവട്ടമാണ് ഈ പതിനെട്ടുകാരൻ സിക്സർ പറത്തി യത്. സൂര്യകുമാർ 40 റണ്ണടിച്ചെങ്കിലും ജയത്തിന് അത് മതിയായില്ല.