കൊളംബോ
വിദേശ കടബാധ്യതകളുടെ തിരിച്ചടവ് നിർത്തിയതിനു പിന്നാലെ വിദേശത്തുള്ള തങ്ങുടെ പൗരരോട് പണം അയച്ച് സഹായിക്കാൻ ആവശ്യപ്പെട്ട് ശ്രീലങ്ക. ഭക്ഷണം, എണ്ണ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള വിദേശകരുതൽ ധനമായി വിദേശ കറൻസിയിലുള്ള ഈ സംഭാവനകൾ ഉപയോഗിക്കുമെന്ന് കേന്ദ്രബാങ്ക് ഗവർണർ നന്ദലാൽ വീരസിൻഹ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലുള്ള ശ്രീലങ്കൻ പൗരർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ടുകൾ രൂപീകരിക്കും. ഇങ്ങനെ ലഭിക്കുന്ന പണം സുപ്രധാന ആവശ്യങ്ങൾക്ക് മാത്രമേ ചെലവിടുകയുള്ളൂവെന്നും പ്രസ്താവനയിൽ അറിയിച്ചു.
1948ൽ സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടുകയാണ് ലങ്ക. മൂന്ന് ലക്ഷം കോടിയിലേറെയാണ് ലങ്കയുടെ ആകെ വിദേശകടം. അന്താരാഷ്ട്ര നാണ്യ നിധിയിലേക്കുള്ള (ഐഎംഎഫ്) തിരിച്ചടവ് നിർത്തിവയ്ക്കുകയാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതോടെ, പലിശ ഇനത്തിൽ തിങ്കളാഴ്ച നൽകേണ്ടിയിരുന്ന 1524 കോടിയോളം രൂപ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് വകമാറ്റി ഉപയോഗിക്കാനാകുമെന്നും നന്ദലാൽ വീരസിൻഹ പറഞ്ഞു. എന്നാൽ, സംഭാവനതേടിയുള്ള അഭ്യർഥനയോട് അനുകൂല പ്രതികരണമല്ല ലഭിക്കുന്നത്. നിലവിലെ സർക്കാരിന് പണം നൽകാൻ വിശ്വാസമില്ലെന്ന് വിവിധ നാടുകളിലുള്ള ലങ്കൻ പൗരർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവച്ച് പ്രതിപക്ഷം
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധയിലേക്ക് നയിച്ച സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിലും സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയത്തിലും പ്രതിപക്ഷ പാര്‍ടി അംഗങ്ങള്‍ ഒപ്പുവച്ചു. പ്രതിപക്ഷ പാര്‍ടിയായ സമാഗി ജന ബലവേഗയിലെ (എസ്ജെബി) 50 അംഗങ്ങളാണ് പ്രമേയത്തില്‍ ഒപ്പുവച്ചത്. മറ്റ് പ്രതിപക്ഷ പാര്‍ടികളും പ്രമേയത്തെ അനുകൂലിക്കാനാണ് സാധ്യത. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിക്കണമെങ്കില്‍ 40 പേരുടെ ഒപ്പുകൂടി വേണം. 19ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചേക്കും.
പ്രക്ഷോഭകരെ ചർച്ചയ്ക്ക്
ക്ഷണിച്ച് മഹീന്ദ
ശ്രീലങ്കയിൽ പ്രക്ഷോഭകരെ ചർച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മഹീന്ദ രജപക്സെ. പ്രസിഡന്റിന്റെ ഓഫീസിനു സമീപത്തെ ഗാലി ഫെയ്സ് മൈതാനത്ത് തമ്പടിച്ച് പ്രതിഷേധിക്കുന്നവരുടെ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. എന്നാൽ, അവിശ്വാസപ്രമേയത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് വിമർശമുയർന്നു. ഈ മേഖലയിലെ പ്രതിഷേധം ബുധനാഴ്ച അഞ്ചാം ദിവസത്തിലേക്കു കടന്നു. സർക്കാരിന്റെ ഭാഗമായ രജപക്സെ കുടുംബത്തിലെ –എല്ലാവരും –രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം