കോടഞ്ചേരി> രണ്ട് മതത്തിൽപ്പെട്ട യുവതിയും യുവാവും വിവാഹം കഴിച്ച സംഭവം സിപിഐ എമ്മിനെതിരെ ഉപയോഗിക്കാൻ രാഷ്ട്രീയ താൽപ്പര്യത്തോടെ ചിലർ ശ്രമിക്കുകയാണെന്നും ഇത്തരം മുതലെടുപ്പ് ജനം അംഗീകരിക്കില്ലെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോന്നതെന്നും ഒന്നിച്ചു ജീവിക്കാനാണ് തീരുമാനമെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞതാണ്. പ്രായപൂർത്തിയായവർക്ക് ഏത് മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നൽകുന്നുണ്ട്. ഇരുവരും കോടതിയിൽ ഹാജരായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ അതൊരു അടഞ്ഞ അധ്യായമായി. എന്നാൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി ചിലർ വിവാദമുണ്ടാക്കി ജനങ്ങളെ തമ്മിലകറ്റാൻ ശ്രമിക്കുകയാണ്.
ഇത്തരം ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കും. സംഭവം ലൗ ജിഹാദ് ആണെന്ന തരത്തിലുള്ള വ്യാഖ്യാനം അംഗീകരിക്കില്ല. ലൗ ജിഹാദ് സംഘപരിവാർ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ് എം തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ദിനേശൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി ചാക്കോച്ചൻ, ഷിജി ആന്റ്ണി, പുഷ്പ സുരേന്ദ്രൻ, കണ്ണാത്ത് ലോക്കൽ സെക്രട്ടറി രഞ്ജിത്ത് ജോസ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി കെ വിനോദ് സ്വാഗതം പറഞ്ഞു.