ന്യൂഡൽഹി
രാമനവമി ദിനത്തോട് അനുബന്ധിച്ച് പത്തിലധികം സംസ്ഥാനത്തുണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ ബിജെപി–- ആർഎസ്എസ് നേതൃത്വം. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലടക്കമുള്ള സംഘർഷം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വിലക്കയറ്റമടക്കമുള്ള ജീവൽ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ശ്രമം. സംഘർഷത്തിൽ ഗുജറാത്തിലും ജാർഖണ്ഡിലും ഒരാൾവീതം കൊല്ലപ്പെട്ടു. ബിഹാറിൽ മുസ്ലിംപള്ളിയിൽ കാവിക്കൊടി നാട്ടി.
മധ്യപ്രദേശ്
മധ്യപ്രദേശിലെ ഖാർഖോണിൽ മുസ്ലിംഭൂരിപക്ഷ മേഖലയിലൂടെ റാലി കടന്നുപോകവെ കല്ലേറുണ്ടായെന്ന ആരോപണത്തിലാണ് സംഘർഷമുണ്ടായത്. വീടുകളും കടകളും വാഹനങ്ങളും കത്തിച്ചു. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ രണ്ടു ഡസനിലേറെ വീടും കടകളും പൊലീസ് തകർത്തു. ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായത്തിന്റെ വീടുകളാണ് തകർത്തത്.
ഗുജറാത്ത്
ഹിമ്മത് നഗർ, കംബാത് നഗരത്തിലും ദേവഭൂമി ജില്ലയിലുമാണ് സംഘർഷം. കംബാതിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടിടത്തുമായി 31 പേർ അറസ്റ്റിലായി. വീടുകളും കടകളും വാഹനങ്ങളും കത്തിച്ചു. ഒരു ഡസനിലേറെ ആരാധനാലയം ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങൾ പലായനം ചെയ്തു.
രാജസ്ഥാൻ
കരൗളിയിൽ ആരംഭിച്ച ആക്രമണം സുർസഗറിലേക്ക് വ്യാപിച്ചു. ഘോഷയാത്ര ആക്രമിക്കപ്പെട്ടെന്നായിരുന്നു പ്രചാരണം. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. അക്രമികളെ മോചിപ്പിക്കാൻ കേന്ദ്രസഹമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കർണാടകം
ഹിജാബ്, ഹലാൽ വിവാദത്താൽ സംസ്ഥാനത്ത് ധ്രുവീകരണനീക്കം ശക്തമാണ്. കടഗഞ്ചിയിൽ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. ഘോഷയാത്ര കഴിഞ്ഞ് മടങ്ങിയവരെ ആക്രമിച്ചെന്നായിരുന്നു പ്രചാരണം. ദർവാഡ് ജില്ലയിൽ ഹനുമന്ത ക്ഷേത്രത്തിനു സമീപമുള്ള മുസ്ലിംകച്ചവടക്കാരെ ആക്രമിച്ചു.
ജാർഖണ്ഡ്
ലോഹർദായി, ബൊക്കാറോ ജില്ലകളിൽ അക്രമമുണ്ടായി. ഹിർഹി ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു.
ബംഗാൾ
ഹൗറ ജില്ലയിലെ ഷിബ്പുറിൽ ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായെന്ന പ്രചാരണത്തെതുടർന്ന് അക്രമമുണ്ടായി. ബങ്കുര നഗരത്തിലും അക്രമമുണ്ടായി. ഇരുസ്ഥലത്തും 31 പേർ പിടിയിലായി.
ഡൽഹി
ജെഎൻയു സർവകലാശാല കാവേരി ഹോസ്റ്റലിൽ മാംസാഹാരം വിളമ്പരുതെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ അക്രമമുണ്ടാക്കി. നിരവധി പേർക്ക് പരിക്കേറ്റു. ദ്വാരക ചാപ്ലയിൽ പശുമാംസം വിറ്റെന്ന് ആരോപിച്ച് ഫാം ഹൗസ് ജീവനക്കാരനെ ഗോരക്ഷാ പ്രവർത്തകർ തല്ലിക്കൊന്നു.