കൊച്ചി> നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ സാക്ഷി കാവ്യ മാധവനെ ബുധനാഴ്ച ചോദ്യംചെയ്യാനായില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു അന്വേഷകസംഘം ലക്ഷ്യമിട്ടതെങ്കിലും അസൗകര്യമടക്കം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവച്ചു.
കാവ്യ ആവശ്യപ്പെട്ടപ്രകാരം ബുധൻ രണ്ടിന് അവരുടെ വീട്ടിലെത്തി ചോദ്യംചെയ്യാമെന്ന് അന്വേഷകസംഘം അറിയിച്ചിരുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റൽ, ഫോറൻസിക്, തെളിവുകൾ നിരത്തി ചോദ്യംചെയ്യാൻ സൗകര്യം വീട്ടിലില്ല. ചോദ്യംചെയ്യൽ ക്യാമറയിൽ പകർത്തണം. ഇത്തരം സൗകര്യങ്ങളില്ലാത്തതാണ് ചോദ്യംചെയ്യലിന് തടസ്സമെന്ന് അന്വേഷകസംഘം വ്യക്തമാക്കി. കേസിലെ എട്ടാംപ്രതികൂടിയായ ദിലീപ് താമസിക്കുന്ന വീട്ടിലെത്തി ചോദ്യംചെയ്യുന്നതിലെ നിയമപ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരോട് ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബിൽ ബുധനാഴ്ച എത്താൻ നിർദേശിച്ചിരുന്നു. അവർ എത്തിയിട്ടില്ല. ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീടുകളിൽ ചൊവ്വാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചെന്ന് കണ്ടെത്തിയ സായ് ശങ്കറും ചോദ്യംചെയ്യലിന് എത്തിയില്ല.